Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആകാശത്തെ 'വളവു'വഴികള്‍; വിമാനങ്ങള്‍ നേരെ പറക്കാത്തതിന് പിന്നിലെ ശാസ്ത്രം

ആകാശത്തെ 'വളവു'വഴികള്‍; വിമാനങ്ങള്‍ നേരെ പറക്കാത്തതിന് പിന്നിലെ ശാസ്ത്രം

Janayugom Online 3 weeks ago

ദീർഘദൂര വിമാനയാത്രകള്‍ നടത്തിയിട്ടുള്ളവർ ഇൻ-ഫ്ലൈറ്റ് സ്ക്രീനിലെ മാപ്പിലേക്ക് നോക്കിയാല്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും; വിമാനം സഞ്ചരിക്കുന്നത് നേർരേഖയിലല്ല, മറിച്ച്‌ വലിയൊരു വക്രരേഖയിലായിരിക്കും (Curved line).

ഭൂപടത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് നേരെ വഴി കാണാമെന്നിരിക്കെ, വിമാനങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ വളഞ്ഞു സഞ്ചരിക്കുന്നത്? പൈലറ്റിന് വഴിതെറ്റിയതാണോ എന്ന് സംശയിച്ചാല്‍ തെറ്റി. ഇതിന് പിന്നില്‍ ഭൂമിയുടെ ആകൃതിയും കൃത്യമായ ആകാശ ശാസ്ത്രവുമുണ്ട്.

നമ്മള്‍ സാധാരണയായി കാണുന്ന ഭൂപടങ്ങള്‍ (Maps) പരന്നതാണ്. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന ഭൂമിയാകട്ടെ ത്രിമാന (3D) രൂപത്തിലുള്ള ഒരു ഗോളവുമാണ്. ഒരു ഗോളത്തിന്റെ ഉപരിതലത്തിലെ രണ്ട് സ്ഥാനങ്ങള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്നത് ഒരിക്കലും ഒരു നേർരേഖയായിരിക്കില്ല, മറിച്ച്‌ അതൊരു വളവായിരിക്കും. ശാസ്ത്രലോകത്ത് ഇതിനെ 'ഗ്രേറ്റ് സർക്കിള്‍' (Great Circle) പാത എന്നാണ് വിളിക്കുന്നത്.

ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലാണ് ഭൂമിക്ക് വലിപ്പം കൂടുതല്‍. എന്നാല്‍ ധ്രുവപ്രദേശങ്ങളിലേക്ക് അടുക്കുന്തോറും ഭൂമിയുടെ ചുറ്റളവ് കുറഞ്ഞു വരുന്നു. ഈ കുറഞ്ഞ ചുറ്റളവിലൂടെയുള്ള പാതയാണ് രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ചെറിയ ദൂരം. ഉദാഹരണത്തിന്, വടക്കേ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് പറക്കുന്ന ഒരു വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ നേരെ പോകുന്നതിന് പകരം, ഗ്രീൻലാൻഡിനും വടക്കൻ അറ്റ്ലാന്റിക്കിനും മുകളിലൂടെ വളഞ്ഞാണ് പോകാറുള്ളത്. പരന്ന ഭൂപടത്തില്‍ ഇത് ദൂരം കൂടിയ വഴിയായി തോന്നാമെങ്കിലും, യഥാർത്ഥത്തില്‍ ഇതാണ് ഏറ്റവും കുറഞ്ഞ ദൂരം. ഒരു ഗ്ലോബിലോ ഗൂഗിള്‍ എർത്തിലോ നോക്കിയാല്‍ ഈ വളഞ്ഞ പാത തന്നെയാണ് യഥാർത്ഥ നേർവഴിയെന്ന് നമുക്ക് ബോദ്ധ്യപ്പെടും.

വിമാനക്കമ്പനികള്‍ എപ്പോഴും മുൻഗണന നല്‍കുന്നത് സുരക്ഷയ്ക്കും ഒപ്പം ഇന്ധനക്ഷമതയ്ക്കുമാണ്. 'ഗ്രേറ്റ് സർക്കിള്‍' പാതകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ യാത്രാദൂരം ഗണ്യമായി കുറയുകയും, അതുവഴി ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനം ലാഭിക്കാൻ വിമാനങ്ങള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

എന്നാല്‍ ദൂരം മാത്രമല്ല വിമാന പാതകളെ നിശ്ചയിക്കുന്നത്. അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതിയും മോശം കാലാവസ്ഥയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ അതിശക്തമായി വീശുന്ന കാറ്റുകളാണ് 'ജെറ്റ് സ്ട്രീമുകള്‍'. ഇത്തരം കാറ്റുകളുടെ സഹായത്തോടെ (Tailwind) പറക്കാൻ സാധിച്ചാല്‍ യാത്രാസമയവും ഇന്ധനവും വലിയ തോതില്‍ ലാഭിക്കാം. ഇതിനായി ചിലപ്പോള്‍ പ്രധാന പാതയില്‍ നിന്നും വിമാനങ്ങള്‍ അല്പം മാറി സഞ്ചരിക്കാറുണ്ട്.

ഭൂമിയുടെ ആകൃതിക്ക് പുറമെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും വിമാനങ്ങളുടെ പാത മാറ്റാറുണ്ട്. യുദ്ധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ സൈനിക മേഖലകള്‍ക്ക് മുകളിലൂടെയുള്ള യാത്രകള്‍ വിമാനങ്ങള്‍ പൂർണ്ണമായും ഒഴിവാക്കും. കൂടാതെ അഗ്നിപർവ്വത സ്ഫോടനം, കടുത്ത ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ക്ക് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കാനും വിമാനങ്ങള്‍ കൂടുതല്‍ വളഞ്ഞ പാതകള്‍ സ്വീകരിക്കാറുണ്ട്.

ചുരുക്കത്തില്‍, നമ്മള്‍ കാണുന്ന പരന്ന മാപ്പുകളുടെ പരിമിതിയാണ് വിമാനങ്ങളുടെ നേർരേഖാ യാത്രയെ വലിയ വളവുകളായി നമുക്ക് കാട്ടിത്തരുന്നത്. ആകാശത്തെ ഈ 'വളവു'വഴികള്‍ തന്നെയാണ് യഥാർത്ഥത്തില്‍ യാത്രക്കാരുടെ സമയവും പണവും ലാഭിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online