പ്രശസ്ത ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ ഗുസ്താവെ ലെ ബോണ്‍ 1895ല്‍ പ്രസിദ്ധീകരിച്ച 'ദി ക്രൗഡ്: എ സ്റ്റഡി ഓഫ് ദി പോപ്പുലര്‍ മെെന്‍ഡ്' എന്ന ഗ്രന്ഥത്തില്‍ ആള്‍ക്കൂട്ട മനഃശാസ്ത്രത്തെക്കുറിച്ച് കൃത്യമായൊരു സിദ്ധാന്തം അവതരിപ്പിക്കുന്നുണ്ട്.
ഒരു ജനക്കൂട്ടത്തിന്റെ ഭാഗമാകുമ്പോള്‍ ഒരാള്‍ക്ക് തന്റെ സ്വതന്ത്ര വ്യക്തിത്വവും യുക്തിചിന്തയും നഷ്ടപ്പെടുന്നുവെന്നും, അവൻ ആള്‍ക്കൂട്ടത്തിന്റെ പൊതുവികാരത്തിന് കീഴടങ്ങുന്നുവെന്നുമാണ് അദ്ദേഹം നിരീക്ഷിച്ചത്. ഫ്രഞ്ച് വിപ്ലവത്തെ ഉദാഹരിച്ചുകൊണ്ട്, അതിശക്തമായ വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു ജനക്കൂട്ടത്തില്‍ സാധാരണക്കാരായ വ്യക്തികള്‍ പോലും സ്വന്തം യുക്തി മറന്ന് അക്രമങ്ങളിലേക്ക് തിരിഞ്ഞതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു.
അതായത്, ആള്‍ക്കൂട്ടത്തിലെ ഒരു വ്യക്തിയുടെ ചിന്തകളും പ്രവർത്തികളും അയാളുടെ സ്വതന്ത്രമായ ബോധത്തില്‍ നിന്ന് ഉണ്ടാകുന്നതല്ല; മറിച്ച്, ആ കൂട്ടത്തിന്റെ സ്വാധീനത്താല്‍ രൂപപ്പെടുന്നതാണ്. ഇവിടെ വ്യക്തികളുടെ സ്വതന്ത്രമായ അപഗ്രഥന ശേഷി കുറയുകയാണ് ചെയ്യുന്നത്. കാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ലെ ബോണിന്റെ ഈ സിദ്ധാന്തത്തിന് വലിയ പ്രസക്തിയുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളെ വിശകലനം ചെയ്യുമ്പോള്‍ ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നത് ഇതിന് ഉദാഹരണമാണ്. ആധുനിക സമൂഹ മാധ്യമ അല്‍ഗോരിതങ്ങള്‍ മനുഷ്യന്റെ ഈ മനഃശാസ്ത്രപരമായ ബലഹീനതയെയാണ് ചൂഷണം ചെയ്യുന്നത്.
വ്യക്തികളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് അവർക്ക് മുന്നിലെത്തുന്ന വിവരങ്ങളെ മാത്രം നിരന്തരം കാണിച്ച്, ഒരു പ്രത്യേക രാഷ്ട്രീയ ചിന്താഗതിയിലേക്ക് അവരെ തളച്ചിടുന്ന ഈ അല്‍ഗോരിതങ്ങള്‍ നിർമ്മിച്ചെടുക്കുന്നു. ഇതിലൂടെ സമൂഹ മാധ്യമം രൂപപ്പെടുത്തുന്ന സത്യവും അസത്യവും തിരിച്ചറിയാനാകാത്ത ഡിജിറ്റല്‍ ആള്‍ക്കൂട്ടങ്ങളായി മനുഷ്യർ തളയ്ക്കപ്പെടുന്നു. വസ്തുതകളെ യുക്തിസഹമായി വിലയിരുത്താനുള്ള ശേഷി നഷ്ടപ്പെട്ട്, സത്യാനന്തര കാലത്തെ വ്യാജപ്രചാരണങ്ങള്‍ക്ക് മുന്നില്‍ അവർ കീഴടങ്ങുകയാണ്. ജനതയുടെ ഈ ചിന്താ വൈകല്യം ഇന്ത്യൻ ജനാധിപത്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. മതം, അന്ധമായ ദേശീയത, താരാരാധന തുടങ്ങിയ ഘടകങ്ങളില്‍ നമ്മുടെ സമൂഹം ഇന്ന് തടവിലാക്കപ്പെട്ടിരിക്കുകയാണ്. ഭരണമാറ്റം ആഗ്രഹിക്കുന്ന ഒരു പൊതുമനസ്ഥിതിയാണ് ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കേണ്ടതെന്നിരിക്കെ, നരേന്ദ്ര മോഡിക്ക് എങ്ങനെയാണ് മൂന്നാം തവണയും അധികാരം നേടാനായത് എന്നത് പ്രസക്തമായൊരു ചോദ്യമാണ്. മാറ്റം ആഗ്രഹിക്കുന്ന മനുഷ്യന്റെ സ്വാഭാവിക ത്വരയെപ്പോലും മറികടക്കാൻ സത്യാനന്തര കാലത്തെ പ്രചാരണ തന്ത്രങ്ങള്‍ക്കും സൈബർ അല്‍ഗോരിതങ്ങള്‍ക്കും സാധിക്കുന്നു എന്നാണ് ഇത് വെളിവാക്കുന്നത്.
സ്വതന്ത്രചിന്ത നഷ്ടപ്പെട്ട് വൈകാരികതയ്ക്ക് അടിമപ്പെടുന്ന ഒരു ജനതയ്ക്ക് ചരിത്രത്തില്‍ എല്ലായിടത്തും സമാനമായ അബദ്ധങ്ങള്‍ പിണഞ്ഞിട്ടുണ്ട്. ഹിറ്റ്ലർ, മുസോളിനി, ഫ്രാങ്കോ ഉള്‍പ്പെടെ ഫാസിസ്റ്റുകളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നുമല്ല. മനുഷ്യൻ ആധുനികതയുടെ ആവരണം അണിഞ്ഞിട്ടുണ്ടെങ്കിലും, അവന്റെ ഉള്ളില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നത് ലക്ഷക്കണക്കിന് വർഷങ്ങള്‍ പഴക്കമുള്ള ഒരു 'ഗോത്രമനസാണ്'. നാഗരികതയുടെ നിയമങ്ങള്‍ക്കും സഭ്യമായ പെരുമാറ്റങ്ങള്‍ക്കും അപ്പുറം, മനുഷ്യന്റെ അടിസ്ഥാന ചോദനകള്‍ സമാധാനത്തിലധിഷ്ഠിതമല്ല എന്നതാണ് യാഥാർത്ഥ്യം. അതിജീവനത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ പോരടിച്ചിരുന്ന കാലത്തെ മാത്സര്യവും, അസൂയയും, വൈരവും ആധുനിക മനുഷ്യനിലും ഒരു കനലായി അവശേഷിക്കുന്നു. തന്നോട് യോജിക്കാത്തവരെയോ അല്ലെങ്കില്‍ തന്റെ വർഗത്തില്‍ പെടാത്തവരെയോ 'അപരനായി' കാണുന്ന പ്രവണത ഈ പ്രാകൃത ചോദനയുടെ പ്രതിഫലനമാണ്. ഇന്ത്യയില്‍ പടരുന്ന ഹിന്ദുത്വമായാലും അഫ്ഗാനിസ്ഥാൻ ഉള്‍പ്പെടെ രാജ്യങ്ങളില്‍ കാണുന്ന ഇസ്ലാമിക തീവ്രവാദമായാലും ഇവയെല്ലാം അടിസ്ഥാനപരമായി ഈ പൂർവ ഗോത്ര സ്വഭാവത്തിന്റെ ആധുനിക രൂപങ്ങളാണ്. സ്വന്തം വംശത്തെയോ വിശ്വാസത്തെയോ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ മറ്റുള്ളവരെ ശത്രുക്കളായി കാണുന്ന മനോഭാവം മനുഷ്യനിലെ മൃഗതുല്യമായ സഹജവാസനയില്‍ നിന്നാണ് ഉണ്ടാകുന്നത്.
മനുഷ്യൻ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ജ്ഞാനത്തിലൂടെയും വിവേകത്തിലൂടെയും സഹിഷ്ണുതയും മാനവികതയും കൈവരിക്കുന്നു. എന്നാല്‍ ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുമ്പോള്‍ ഈ വ്യക്തിഗതമായ ഔന്നത്യം പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. അവിടെ വ്യക്തിയുടെ യുക്തിയേക്കാള്‍ ആള്‍ക്കൂട്ടത്തിന്റെ ആവേശവും ഗോത്ര ജനിതകതയുമാണ് നിയന്ത്രണം ഏറ്റെടുക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ വ്യക്തിയുടെ സ്വത്വബോധം ഇല്ലാതാവുകയും താൻ ആ വലിയ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തോന്നല്‍ വരികയും ചെയ്യുന്നു. ഇവിടെ ഉത്തരവാദിത്തബോധം കുറയുന്നതോടെ ഉള്ളിലെ ഗോത്ര ജനിതകത പുറത്തുവരികയും അപരനെ ആക്രമിച്ച് വിജയം നേടാൻ മനുഷ്യൻ മുതിരുകയും ചെയ്യുന്നു. മനുഷ്യരിലെ ഈ വന്യമായ ചോദനകളെ തളർത്താനും സ്നേഹത്തിലധിഷ്ഠിതമായ ലോകം കെട്ടിപ്പടുക്കാനും ശ്രമിച്ച ആഗോള പ്രസ്ഥാനങ്ങള്‍ ഇന്ന് ദുർബലമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രവും വിദ്യയും വളരുമ്പോഴും, ആള്‍ക്കൂട്ടത്തിന് കീഴ്പ്പെടുമ്പോള്‍ മനുഷ്യൻ വീണ്ടും തന്റെ പരിണാമത്തിന്റെ പഴയ ഘട്ടങ്ങളിലേക്ക് തിരിച്ചുപോകുന്നു എന്നത് നാം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയാണ്. ജ്ഞാനത്താല്‍ ആർജിച്ച മാനവികതയെ ഗോത്ര ജനിതകത എളുപ്പത്തില്‍ കീഴ്പ്പെടുത്തുന്ന ഈ അവസ്ഥയെ മറികടക്കാൻ അഗാധമായ ആത്മപരിശോധനക്ക് ഓരോ പൗരനും തയ്യാറാകേണ്ടതുണ്ട്. അത് അത്ര ലളിതമല്ല. ഗോത്ര സംസ്കാരത്തിന് മുകളില്‍ മാനവികതയ്ക്ക് ഇടം ലഭിക്കുന്ന നിലയിലേക്ക് ആധുനിക സമൂഹം വളരുമെന്ന് നമുക്ക് ആശിക്കാം.

