ആരവല്ലി മലനിരകളുടെയും കുന്നുകളുടെയും കൃത്യമായ അതിരുകളും നിർവ്വചനവും നിശ്ചയിക്കുന്നതിനായി സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു.
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ ജനറല്‍ കാഞ്ചൻ ദേവിയാണ് സമിതിയുടെ അധ്യക്ഷ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം പാൻചോലി എന്നിവരടങ്ങിയ ബെഞ്ചാണ് മെയ് 25ലെ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 1991 ബാച്ച് മധ്യപ്രദേശ് കേഡർ ഐഎഫ്‌എസ് ഉദ്യോഗസ്ഥയായ കാഞ്ചൻ ദേവിക്കൊപ്പം വനം-ഭൂഗർഭ ശാസ്ത്ര-പരിസ്ഥിതി മേഖലകളിലെ പ്രമുഖരായ ഡോ. സുഭാഷ് അശുതോഷ്, ഡോ. രാജേന്ദ്ര കുമാർ ശർമ്മ, ബ്രിജ് മോഹൻ സിംഗ് റാത്തോഡ്, പ്രൊഫ. അശോക് കെ ഭട്നാഗർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പ്രൊഫ. ജഗദീഷ് കൃഷ്ണസ്വാമി, പ്രൊഫ. ലക്ഷ്മികാന്ത് ശർമ്മ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരവല്ലി മലനിരകളുടെ അതിരുകള്‍ നിശ്ചയിക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് 2026 ഓഗസ്റ്റ് 31നകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.
ഡല്‍ഹി, ഹരിയാണ, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകളില്‍ നടക്കുന്ന അനധികൃത ഖനനം തടയുന്നതിനായി മുൻപ് കോടതി ഒരു നിർവ്വചനം അംഗീകരിച്ചിരുന്നു. എന്നാല്‍, മുൻ സമിതി നിർദ്ദേശിച്ച അളവുകോലുകള്‍ (100 മീറ്റർ ഉയരം, കുന്നുകള്‍ തമ്മിലുള്ള 500 മീറ്റർ അകലം എന്നിവ) ആരവല്ലിയുടെ ഭൂരിഭാഗം പ്രദേശങ്ങളുടെയും പരിസ്ഥിതി സംരക്ഷണ പദവി ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ കടുത്ത ആശങ്ക ഉന്നയിച്ചു. ഇതേതുടർന്നാണ് മുൻ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ശാസ്ത്രീയമായ പഠനത്തിനായി സുപ്രീം കോടതി പുതിയ സമിതിയെ നിയോഗിച്ചത്. ആരവല്ലി മലനിരകളുടെ മണ്ണും ഭൂഗർഭ സവിശേഷതകളും, ജൈവവൈവിധ്യം, പ്രകൃതിവിഭവങ്ങള്‍ എന്നിവ കണക്കിലെടുത്ത് ജിയോ മാപ്പിംഗിലൂടെ സുതാര്യവും നിഷ്പക്ഷവുമായ പഠനം നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും ഈ വിഷയത്തില്‍ താല്പര്യമുള്ള മറ്റ് സംഘടനകള്‍ക്കും തങ്ങളുടെ നിർദ്ദേശങ്ങളും പരാതികളും സമിതിക്ക് മുന്നില്‍ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഈ പുരാതന മലനിരകളുടെ നാശം തടയുന്നതിനായുള്ള സമഗ്രമായ വിലയിരുത്തലായിരിക്കണം സമിതിയുടേതെന്നും കോടതി ഓർമ്മിപ്പിച്ചു.

