Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആയിരം പ്രതീക്ഷകളുമായി  'സഹസ്ര'; അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി

ആയിരം പ്രതീക്ഷകളുമായി 'സഹസ്ര'; അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി

Janayugom Online 3 weeks ago

സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞ് അതിഥി കൂടിയെത്തി. ചൊവ്വാഴ്ച പുലർച്ചെ 3.35നാണ് അഞ്ച് ദിവസം പ്രായവും 2.57 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ആയിരം പ്രതീക്ഷകളുമായെത്തിയ കുഞ്ഞിന് "സഹസ്ര" എന്ന പേരാണ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി നല്‍കിയത്. കുഞ്ഞ് അതിഥിയുടെ വരവോടെ അമ്മത്തൊട്ടിലില്‍ ആയിരം കുട്ടികളായി. ഇതിനാലാണ് സഹസ്ര എന്ന പേര് നല്‍കിയത്.

2002 നവംബർ 14ന് ആരംഭിച്ച അമ്മത്തൊട്ടിലില്‍ ആദ്യമായി ഡിസംബർ 24നാണ് ഒരു കുഞ്ഞ് എത്തിയത്. ആ കുഞ്ഞിന് "നിത്യ" എന്നായിരുന്നു പേര് നല്‍കിയത്. നൂറാമത്തെ കുഞ്ഞിന് "ശതശ്രീ" എന്ന പേരും നല്‍കിയിരുന്നു. തുടർന്ന് മഴ, വേനല്‍, നിള, കനി, കതിർ, ഋതു, തെന്നല്‍, തുളസി, പ്രഥമ, മുകില്‍, സ്വതന്ത്ര, ജൂണ്‍, പ്രകൃതി, ഇന്ത്യ, കേരളിയ, ഇതള്‍ തുടങ്ങിയ വ്യത്യസ്തവും അർത്ഥസമ്പന്നവുമായ പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

ഇതുവരെ അമ്മത്തൊട്ടിലിലൂടെ ലഭിച്ച 1,000 കുഞ്ഞുങ്ങളില്‍ 681 പേർ പെണ്‍കുട്ടികളും 319 പേർ ആണ്‍കുട്ടികളുമാണ്. ജില്ലാതല കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ ലഭിച്ചത്. 667 പേർ. തുടർന്ന് കോട്ടയം (43), കൊല്ലം (38), മലപ്പുറം (34), പാലക്കാട് (34), പത്തനംതിട്ട (28), തൃശൂർ (27), ആലപ്പുഴ (26), കോഴിക്കോട് (25), എറണാകുളം (21), കണ്ണൂർ (21), ഇടുക്കി (20), കാസർകോട് (16) എന്നിങ്ങനെയാണ് കണക്ക്. വയനാട്ടില്‍ നിന്ന് ഇതുവരെ ഒരു കുഞ്ഞും അമ്മത്തൊട്ടിലില്‍ എത്തിയിട്ടില്ല. അതേസമയം ഇടുക്കി, കണ്ണൂർ, വയനാട്, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഹൈടെക് അമ്മത്തൊട്ടിലുകള്‍ നിർമ്മിക്കാനും നിലവിലുള്ളവ പുനർനിർമ്മിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online