Dailyhunt
ആയുധങ്ങളില്‍ തീരില്ല ആശയങ്ങള്‍

ആയുധങ്ങളില്‍ തീരില്ല ആശയങ്ങള്‍

Janayugom Online 3 weeks ago

മാർച്ച്‌ 30 തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ഒരു പ്രസംഗം നടത്തി. നക്സലിസത്തെ ഉന്മൂലനം ചെയ്തെന്ന് അവകാശപ്പെട്ടുള്ള പ്രസ്തുത പ്രസംഗം ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത പ്രകടിപ്പിക്കുന്നതായി.

അതോടൊപ്പം നീതിന്യായ വ്യവസ്ഥയോട് ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ പാലിക്കേണ്ട സാമാന്യ മര്യാദയുടെ ലംഘനവും അദ്ദേഹത്തില്‍ നിന്നുണ്ടായി. ബിജെപി അധികാരത്തിലെത്തിയതിനുശേഷം രാഷ്ട്രീയ മണ്ഡലത്തില്‍ വ്യാപകമായ പദമാണ് നഗരനക്സലുകള്‍ എന്നത്. തങ്ങളുടെ എതിർപക്ഷത്ത് നില്‍ക്കുന്നവരെയും ആശയഭിന്നത പുലർത്തുന്നവരെയും കുറ്റവാളികളായി മുദ്രകുത്തി ജയിലില്‍ അടയ്ക്കുന്നതിനുള്ള വിശേഷണമായാണ് പ്രസ്തുത പദം വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.

നക്സലിസം വഴിതെറ്റിയ ഒരു ആശയമെന്നതിനപ്പുറം കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെട്ടു. സ്റ്റാൻ സ്വാമിയെന്ന മനുഷ്യാവകാശ പ്രവർത്തകൻ ആ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടാണ് ചികിത്സ കിട്ടാതെ മരിച്ചത്, ഒരർത്ഥത്തില്‍ രക്തസാക്ഷിയായത്. ഇദ്ദേഹത്തെപ്പോലെ നിരവധി പേർ ജയിലിലാകുകയും വിചാരണ പോലുമില്ലാതെ ദീർഘനാള്‍ കഴിയേണ്ടിവരികയും ചെയ്തു. ഇപ്പോഴും ജയിലില്‍ തുടരുന്നവരുണ്ട്. നക്സലിസവും മാവോയിസവും വഴിപിഴച്ച ആശയമാണെന്നതിനാല്‍ അതിന്റെ പ്രവർത്തനരീതികളോട് വിയോജിക്കുമ്ബോള്‍ പോലും അവരെ ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിന് ഇപ്പോഴത്തെ സർക്കാർ പിന്തുടരുന്ന മാർഗം അംഗീകരിക്കാനാകാത്തതാണ്. അത് തീർത്തും മനുഷ്യാവകാശ ലംഘനമാണ് എന്നതുതന്നെ കാരണം. അതുകൊണ്ടാണ് നക്സലിസവും മാവോയിസവും ഇല്ലാതാക്കുന്നതിനെന്ന പേരിലുള്ള കൂട്ടക്കുരുതികളെ സിപിഐ ഉള്‍പ്പെടെ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും എതിർക്കുന്നത്.

സാമൂഹ്യമാറ്റത്തിനുള്ള വഴി ഉന്മൂലനമാണെന്ന സിദ്ധാന്തത്തെ അതേരീതിയില്‍ ഇല്ലാതാക്കാമെന്ന മൗഢ്യമാണ് കേന്ദ്രസർക്കാർ വച്ചുപുലർത്തുന്നത്. അതാണ് അവരുടെ ഭരണ നടപടികളിലൂടെ തെളിയിക്കപ്പെടുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് അമിത് ഷാ നടത്തിയ പ്രസംഗം പരിഗണനാ വിഷയമാകുന്നത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിയത്. അതിലൊന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും നക്സലിസവുമായി ബന്ധപ്പെട്ട തന്റെ അജ്ഞത പ്രകടിപ്പിച്ചുവെന്നതാണ്. മറ്റൊന്ന് രാഷ്ട്രീയ എതിരാളികളെ വിമർശിക്കുമ്ബോള്‍ പാലിക്കേണ്ട നിയമപരവും ഭരണഘടനാപരവുമായ ധാർമ്മികത ലംഘിച്ചുവെന്നതും. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ് നക്സലിസം രൂപപ്പെട്ടതെന്ന കാരണം പറഞ്ഞ് അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിക്കാൻ ശ്രമിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിഐ) റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകമായാണ് രൂപീകരിക്കപ്പെട്ടതെന്ന ഇതുവരെ ഒരു എതിരാളിയും ഉന്നയിച്ചിട്ടില്ലാത്ത ആരോപണവും അദ്ദേഹം ഉന്നയിച്ചു. 1925ലാണ് ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സിപിഐ രൂപംകൊള്ളുന്നത്.

അതിന്റെ നൂറാം വാർഷികം സിപിഐ രാജ്യവ്യാപകമായി ഒരു വർഷത്തിലധികം നീണ്ട പരിപാടികളോടെ ആഘോഷിച്ചത് കഴിഞ്ഞ വർഷമാണ്. അന്നൊന്നും ബിജെപിയോ ആർഎസ്
എസോ ഉന്നയിക്കാതിരുന്ന ആക്ഷേപമാണ് അമിത് ഷാ മാവോയിസത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍ പറഞ്ഞിരിക്കുന്നത്. സിപിഐയുടെ പ്രവർത്തനങ്ങള്‍ ഇന്ത്യയുടെ അടിസ്ഥാന യാഥാർത്ഥ്യങ്ങളുമായി ചേർന്നുള്ളതായിരുന്നു എന്ന് മനസിലാകണമെങ്കില്‍ പ്രാഥമിക ചരിത്രജ്ഞാനമെങ്കിലും ആവശ്യമുണ്ട്. സ്വാതന്ത്ര്യ സമരം ശക്തിപ്പെടുന്ന ഘട്ടത്തിലായിരുന്നു സിപിഐയുടെ പിറവി. അതിനെ കൂടുതല്‍ വിപുലവും ജനകീയവുമാക്കി ശക്തിപ്പെടുത്തുന്നതില്‍ സിപിഐ വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി, വിദ്യാർത്ഥി, കർഷക ജനവിഭാഗങ്ങളെയും എഴുത്തുകാർ, കലാകാരന്മാർ എന്നിവരെയും പ്രത്യേകമായി സംഘടിപ്പിച്ച്‌ പ്രക്ഷോഭത്തിന്റെ ബഹുജനാടിത്തറ വിപുലപ്പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റുകാരാണ് പ്രധാന പങ്കുവഹിച്ചത്.

കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യ പ്രവർത്തനങ്ങള്‍ പരിമിതമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റുകാർ ഈരീതിയില്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ വഴിമാറ്റിയത്. അതിന്റെ ഫലമായി, തങ്ങളുടെ ഭരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച്‌ ബ്രിട്ടീഷ് ഭരണാധികാരികള്‍ കള്ളക്കേസുകള്‍ ചുമത്തുന്ന സാഹചര്യമുണ്ടായി. വിവിധ ഗൂഢാലോചനക്കേസുകള്‍ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കള്‍ക്കെതിരെയുണ്ടായി. നിരവധി വർഷം നേതാക്കള്‍ ജയിലിലുമായിരുന്നു. സ്വാതന്ത്ര്യലബ്ധിയുണ്ടാകുന്നതുവരെയുള്ള കാലയളവില്‍ ഈ അടിച്ചർത്തല്‍ നടപടികള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ അനുഭവിക്കുകയുണ്ടായി. സിപിഐ രൂപംകൊണ്ട അതേവർഷംതന്നെയാണ് അമിത് ഷായുടെ ആശയനേതൃത്വമായ ആർഎസ്‌എസ് പിറന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമരമെന്ന ഇന്ത്യയിലെ ജനാഭിലാഷത്തോടും പോരാട്ടത്തോടും അവരുടെ നിലപാടെന്തായിരുന്നുവെന്ന് പരിശോധിച്ചാല്‍ ആരാണ് വിദേശശക്തികളുടെ പാദസേവകരായത് എന്നതിന് ചരിത്രത്തില്‍ അടയാളങ്ങളുണ്ട്. ബ്രിട്ടീഷുകാരുടെ ഏജന്റുമാരുടെയും ഒറ്റുകാരുടെയും ജോലിയായിരുന്നു അന്നും ഇപ്പോഴും അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അന്ന് ബ്രിട്ടീഷുകാർക്ക് വേണ്ടിയെങ്കില്‍ ഇന്ന് യുഎസ് ഉള്‍പ്പെടെ സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കുവേണ്ടിയെന്ന് മാത്രം.

അതിനിടയില്‍ മുസോളിനി, ഹിറ്റ്ലർ എന്നിവരുമായി ആശയ സാമ്യം പുലർത്തി. മാത്രമല്ല അധികാരത്തിലെത്തിയതുമുതല്‍ അത് രാജ്യത്ത് നടപ്പിലാക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് നമ്മുടെ അനുഭവവുമാണ്. ഇന്ത്യയിലെ മാത്രമല്ല, വിദേശത്തെയും കോർപറേറ്റുകളെ ശക്തിപ്പെടുത്തുന്നതിനുള്ള സാമ്ബത്തികനയങ്ങളിലൂടെ രാജ്യത്തെ സാധാരണക്കാരെ പാപ്പരീകരിക്കുന്ന നടപടികളും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. റഷ്യൻ വിപ്ലവത്തില്‍ നിന്ന് ഇന്ത്യയിലെയെന്നല്ല ലോകത്തിലെ പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റുകാർ ആശയ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും അത് ആർഎസ്‌എസിനെ പോലെ അടിമത്തമായിരുന്നില്ല. ഈ ചരിത്രത്തെ മറച്ചുപിടിച്ചാണ് സിപിഐ വിദേശ പാർട്ടിയുടെ ഘടകമായിരുന്നുവെന്ന അമിത് ഷായുടെ കണ്ടെത്തല്‍. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞതുപോലെ വാട്സ്‌ആപ്പ് ഫോർവേഡുകള്‍ അതുപോലെ വിശ്വസിക്കുന്ന നാണംകെട്ട അജ്ഞതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. അമിത് ഷാ മാവോയിസവും നക്സലിസവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്ബോള്‍ രണ്ടാമതായി പറഞ്ഞ വിഷയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയതാണ്.

"സല്‍വാ ജുദും" കേസിലെ വിധിന്യായമാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ വിമർശിക്കുന്നതിന് കാരണമായത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ അതിനെ എതിർക്കുന്നതിന് രൂപംകൊടുത്ത സായുധ സംഘടനയായിരുന്നു സല്‍വാ ജുദും. പ്രദേശവാസികളെ ഉള്‍പ്പെടുത്തിയാണ് രൂപീകരിച്ചതെങ്കിലും ഇത് ഫലത്തില്‍ പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതിനാണ് ഇടയാക്കിയത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി മാവോയിസത്തെ ഇല്ലാതാക്കാമെന്ന മൗഢ്യമായിരുന്നു തീരുമാനത്തിന് പിന്നില്‍. പിന്നീട് അതുതന്നെയാണ് സംഭവിച്ചത്. മാവോയിസ്റ്റുകളും സല്‍വാ ജുദൂം പ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും സാധാരണ ജീവിതം അസഹനീയവുമായി. സുരക്ഷാ സേനയുടെയും സല്‍വാ ജുദൂമിന്റെയും പ്രവർത്തനങ്ങള്‍ ഗ്രാമീണജീവിതം ദുഷ്കരമാക്കുന്ന സ്ഥിതിയുണ്ടാക്കി. ഇത് പ്രാദേശിക എതിർപ്പിടിനിടയാക്കി. മനുഷ്യാവകാശ നിർവചനങ്ങളുടെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ലെന്നതിനാല്‍ കോടതികളുടെ പരിശോധനകള്‍ക്കും വിധേയമായി.

ഇതിന്റെ തുടർച്ചയായാണ് 2011 ജൂലൈ അഞ്ചിന് ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്, സല്‍വാ ജുദൂമിനെ മുൻനിർത്തി നക്സലൈറ്റുകള്‍ക്കെതിരായ സംസ്ഥാനത്തിന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്ന് വിധിച്ചത്. എന്നാല്‍ അതിന്റെ ഫലമായി മാവോയിസം കൂടുതല്‍ ആക്രമണോത്സുകമായെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത്. അതിന് കണക്കുകളുടെ എന്തെങ്കിലും പിൻബലം അവതരിപ്പിക്കുന്നുമില്ല. സല്‍വ ജുദും നിയമവിരുദ്ധമാക്കപ്പെട്ടതോടെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരെ മാവോയിസ്റ്റുകള്‍ ആസൂത്രിതമായി ലക്ഷ്യംവയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതുശരിയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഛത്തീസ്ഗഢ് ഭരിച്ച ബിജെപിക്കാണ്. കാരണം വിധി വന്നതു മുതല്‍ ഏഴ് വർഷക്കാലം അവരാണ് ആ സംസ്ഥാനം ഭരിച്ചത്. ഒരു വിധി നടപ്പിലാക്കേണ്ട ചുമതല കോടതിക്കല്ല, മറിച്ച്‌ ഭരണസംവിധാനത്തിനാണ്. അത് നിർവഹിക്കുന്നതില്‍ ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന് സമ്മതിക്കലാണിത്. ഇവിടെ കാര്യം വ്യക്തമാണ്. സുദർശൻ റെഡ്ഡിയെ നഗരനക്സലാണെന്ന് വരുത്തിത്തീർക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതിനാണ് വിധി പുറപ്പെടുവിച്ച സുദർശൻ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാർത്ഥിയായതിനെ അദ്ദേഹം പരാമർശിച്ചത്. ഇത് യഥാർത്ഥത്തില്‍ നിയമത്തെയും ഭരണഘടനാ തത്വങ്ങളെയും അപഹസിക്കലാണ്.

വിവിധ ഘട്ടങ്ങളില്‍ ബിജെപി ആഗ്രഹിച്ചതനുസരിച്ച്‌ വിധി പുറപ്പെടുവിച്ച പലരും പിന്നീട് ബിജെപി നല്‍കിയ ഉപഹാരങ്ങളും സ്ഥാനമാനങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവർ ചെയ്തത് തെറ്റായിരുന്നുവെന്ന് അമിത് ഷാ സമ്മതിക്കുമോയെന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. വസ്തുതാ വിരുദ്ധമായ അവകാശവാദങ്ങള്‍ ആവർത്തിച്ചുറപ്പിക്കുകയാണ് ബിജെപിയുടെ പ്രാഥമിക തന്ത്രം. മാവോയിസത്തെ ഇല്ലാതാക്കിയെന്ന വാദവും ആവർത്തിച്ച്‌ ശരിയെന്ന് സ്ഥാപിക്കാനാണ് ശ്രമം. അതെത്രത്തോളം ശരിയാണെന്ന് കാലം തെളിയിക്കേണ്ടതാണ്. ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലെ ഗ്രാമങ്ങളില്‍, ഓരോ താമസക്കാരനെയും മാവോയിസ്റ്റെന്ന് സംശയിച്ച്‌ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തില്‍ വന്ന വാർത്ത. ഡ്രോണുകള്‍ ദിവസം മുഴുവൻ തലയ്ക്കുമുകളിലൂടെ പറക്കുന്നു. സുരക്ഷാ സേന വീടുകള്‍ക്ക് നമ്ബരിടുന്നു.

ഉത്സവ ഒത്തുചേരലുകള്‍ നിരീക്ഷിക്കുന്നു. ജോലിക്കായി യാത്ര ചെയ്യുന്നവർ അടുത്തുള്ള സുരക്ഷാ ക്യാമ്ബില്‍ രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥ വച്ചിരിക്കുന്നു. ഛത്തീസ്ഗഢിലെ ബിജാപൂർ, സുക്മ ജില്ലകളിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആദിവാസികളുടെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്. ഫലത്തില്‍ മാവോയിസം ഇല്ലാതായെന്നും ജനങ്ങള്‍ സ്വൈരവിഹാരം നടത്തുന്നുവെന്നും പറയുന്ന പ്രദേശങ്ങളില്‍ സുരക്ഷാ സേനയും ഇതര സംവിധാനങ്ങളും അമിതമായി പിടിമുറുക്കിയിരിക്കുന്നു. എന്നുമാത്രമല്ല ഉന്മൂലനാവകാശവാദം വന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഝാര്‍ഖണ്ഡില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെ നടന്ന സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റെന്ന വാര്‍ത്ത വന്നത്. പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളില്‍ വോട്ട് ബഹിഷ്കരണാഹ്വാനവുമായി പോസ്റ്ററുകള്‍ പതിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ അമിത് ഷായുടെ അവകാശവാദം എത്രത്തോളം അവിശ്വസനീയമാണെന്ന് തെളിയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online