Dailyhunt
അഘോരികള്‍ വന്നുകഴിഞ്ഞു; കേരളമേ ഉണരൂ

അഘോരികള്‍ വന്നുകഴിഞ്ഞു; കേരളമേ ഉണരൂ

Janayugom Online 1 week ago

തെരഞ്ഞെടുപ്പ് പ്രചാരണദിവസങ്ങളില്‍ ഇന്ത്യൻ ഫാസിസം കേരളത്തിലേക്കുകൂടി വരുന്നതിന്റെ അപകടസൂചനകള്‍ മനസിലാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും ഒറ്റയ്ക്കുള്ള പ്രവർത്തനങ്ങളിലൂടെയും സാന്നിധ്യമറിയിച്ച ഒരു സാംസ്കാരിക കൂട്ടായ്മയാണ് വേക്ക് അപ്പ് കേരളം.

മതഫാസിസത്തെ കുറിച്ച്‌ വോട്ടർമാരെ ബോധവാന്മാരാക്കുകയും ആ വിപത്തിനെ കേരളത്തില്‍ നിന്നും അകറ്റിനിറുത്തണമെന്നു പറയുകയുമായിരുന്നു ഇവർ ചെയ്തത്. ഇന്ത്യൻ ഫാസിസമെന്നാല്‍ ഹിന്ദുമതാധിപത്യം ആണെന്നും അതിനാല്‍ ആ ആശയത്തെ സ്വാംശീകരിച്ചിട്ടുള്ള രാഷ്ട്രീയപാർട്ടി തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ കേരളത്തോടു പറഞ്ഞു. വേക്ക് അപ്പ് കേരളം എന്ന സാംസ്കാരിക സംഘത്തിന്റെ ആദ്യപരിപാടി നിശ്ചയിച്ചത് തൃശൂർ തേക്കിൻകാട് മൈതാനത്തായിരുന്നു. അവിടെ മതേതരവാദിയായ കവി ആലങ്കോട് ലീലാകൃഷ്ണനും കോണ്‍ഗ്രസ്സില്‍ നിന്നും ഷാളുമാറി ബിജെപിയിലെത്തിയ പത്മജ വേണുഗോപാലും തമ്മിലാണല്ലോ പ്രധാനമത്സരം. പക്ഷേ അവർക്ക് തേക്കിൻകാട് മൈതാനം അനുവദിച്ചുകൊടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി വരുന്നുണ്ടെന്നാണ് തടസ്സമായി പറഞ്ഞത്. വേക്ക് അപ്പ് കേരളത്തിന്റെ പ്രവർത്തകർ സമ്മേളനം സഹവർത്തിത്വ സത്യാഗ്രഹമാക്കുകയും ഗുരുവായൂരിലേക്ക് മാറുകയും ചെയ്തു.

നോവലിസ്റ്റ് സാറാജോസഫാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ വർഗീയവിഷം പരസ്യമായി ഛർദ്ദിക്കപ്പെട്ട നിയോജകമണ്ഡലം ഗുരുവായൂരാണ്. അവിടെ ഇന്ത്യൻ ഹിന്ദുഫാസിസത്തിന്റെ വക്താവായ സ്ഥാനാർത്ഥി മതസ്പർധ വളർത്തുന്ന രീതിയില്‍ പ്രസംഗിക്കുകയും കദളിക്കുലയുമായി അമ്പലത്തില്‍ കയറുക തുടങ്ങിയ ടെമ്പിള്‍ ഷോ നടത്തുകയും ചെയ്തു. മഞ്ചേശ്വരത്ത് എത്തിയ വേക്ക് അപ്പ് കേരളത്തിന്റെ പ്രവർത്തകരെ യോഗം നടത്തുന്നതില്‍ നിന്നു തടയുകപോലും ചെയ്തു. ഇതൊരു ഹിന്ദുരാജ്യമാണെന്ന ഭരണഘടനാ വിരുദ്ധപ്രസ്താവനയോടെയാണ് മതേതരവാദികളെ തടഞ്ഞത്. ഹിന്ദു ഫാസിസ്റ്റുകള്‍ വിഷവിത്തു വിതച്ചിട്ടുള്ള പാലക്കാട്ടും തിരുവനന്തപുരത്തും ചാത്തന്നൂരിലും യോഗങ്ങള്‍ നടത്തുകയുണ്ടായി. ചാത്തന്നൂരില്‍, ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ സംരക്ഷിക്കാൻ വേണ്ടി എൻഡിഎ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന ചിന്തയ്ക്കാണ് പ്രാധാന്യമുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ ഹിന്ദുമതഫാസിസ്റ്റുകളില്‍ നിന്നും രക്ഷിക്കേണ്ടത് കേരളത്തിന്റെ നവോത്ഥാനപരിശ്രമങ്ങളെയാണ്.

അതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അയ്യാവൈകുണ്ഠരും അയ്യൻകാളിയും, പൊയ്കയില്‍ അപ്പച്ചനും, ബ്രഹ്മാനന്ദ ശിവയോഗിയും സഹോദരൻ അയ്യപ്പനും പണ്ഡിറ്റ് കെ പി കറുപ്പനും ഡോ. വേലുക്കുട്ടി അരയനും ഒക്കെ മുന്നോട്ടുവച്ച രക്ഷാമാർഗങ്ങളാണ് മതഫാസിസ്റ്റുകളാല്‍ കൊലചെയ്യപ്പെടുന്നത്. മുസ്ലിം ലീഗ് സ്ത്രീകളെ മത്സരിപ്പിക്കുന്നതിനെതിരെ ഇസ്ലാംമത പണ്ഡിതന്മാർ രംഗത്തുവന്നത്, മറ്റൊരു മതഫാസിസത്തിന്റെ അടയാളമാണ്. ഈ തെരഞ്ഞെടുപ്പിലെ മറ്റൊരത്ഭുതം ഷാളുമാറികള്‍ ഒരു ലജ്ജയുമില്ലാതെ വോട്ടു ചോദിക്കാൻ ഇറങ്ങിയതാണ്. കൊട്ടാരക്കരയിലാണ് ഷാളുമാറികളുടെ സാന്നിധ്യം കൂടുതല്‍ ചിരി പടർത്തിയത്. ചുവന്ന ഷാളിട്ടു ജയിച്ചിരുന്നയാള്‍ മൂവർണ്ണ ഷാളിട്ട് വോട്ടുചോദിക്കാൻ ഇറങ്ങിയപ്പോള്‍, മൂവർണ ഷാളിട്ട് വോട്ട് ചോദിച്ചുപരാജയപ്പെട്ട സ്ഥാനാർത്ഥി, ബിജെപിയുടെ ഇരുവർണ്ണ ഷാളുമിട്ട് വോട്ടുപിടിക്കാൻ ഇറങ്ങി. നാട്ടികയിലാവട്ടെ ചുവന്ന ഷാളിട്ടു ജയിച്ചയാള്‍ കാവിഷാളിലേക്ക് മാറി വോട്ടു പിടിക്കാൻ ഇറങ്ങി.

വൈക്കം, ഒറ്റപ്പാലം, പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലും ഷാളുമാറികളെ നേരിടേണ്ടതുണ്ട്. ഇവരില്‍ പലരും അടിഞ്ഞത് ബിജെപിയിലാണ് എന്നതില്‍ തീരെ അത്ഭുതമില്ല. കാരണം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും ജനതാദളില്‍ നിന്നും ഷാളുമാറി ആ പാർട്ടിയില്‍ എത്തിയതാണല്ലൊ. അധികാരമോഹത്താല്‍ ഷാളുമാറി വരുന്നവരെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയേണ്ട ഉത്തരവാദിത്തം വോട്ടർമാർക്കുണ്ട്. ഇന്ത്യൻ ഹിന്ദു ഫാസിസം അടുത്തെത്തിക്കഴിഞ്ഞു. അഘോരികളുടെ വരവ് അതിന്റെ സൂചനയാണ്. അവർ ആകെയൊരു പാർട്ടി അധ്യക്ഷനെ കണ്ടുള്ളു. ബിജെപി സംസ്ഥാന അധ്യക്ഷനെ പുതിയ ഷാള്‍ അണിഞ്ഞുനില്‍ക്കുന്ന അധ്യക്ഷൻ അവർക്ക് വണ്ടിക്കാശും കൊടുത്തു. ബിജെപിയുടെ ഷാളിടാൻ തലകുനിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിനെയും പാഠം പഠിപ്പിക്കേണ്ട ചുമതല ജനങ്ങള്‍ക്കുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞും ബോധവല്‍ക്കരണ പ്രവർത്തനം തുടരാനാണ് വേക്ക് അപ്പ് കേരളം തീരുമാനിച്ചിട്ടുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online