Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അപമാനിതയായ അമ്മമലയാളം

അപമാനിതയായ അമ്മമലയാളം

Janayugom Online 4 months ago

മഹാരാജാവും ഭീഷ്മപിതാമഹനും കാന്തന്മാരും ശ്രദ്ധിച്ചിരിക്കെ സഭയില്‍ അപമാനിക്കപ്പെട്ട ദ്രൗപദിയെപ്പോലെ 16-ാം കേരള നിയമസഭയില്‍ ആദ്യ കൂടിച്ചേരലില്‍ത്തന്നെ അമ്മമലയാളം ആക്ഷേപിക്കപ്പെട്ടു.

മലയാളികളുടെ വോട്ടുവാങ്ങി ജയിച്ചു നിയമസഭയിലെത്തിയ പല അംഗങ്ങളും സത്യപ്രതിജ്ഞയ്ക്ക് മലയാളം ഉപയോഗിച്ചില്ല. സത്യപ്രതിജ്ഞയ്ക്ക് ഇംഗ്ലീഷ് മതിയെന്ന തീരുമാനം അവരെക്കൊണ്ട് എടുപ്പിച്ചത് ഈ പ്രധാന ചടങ്ങിന് വീട്ടമ്മ പാടില്ലെന്ന ബോധമായിരിക്കാം.
മഞ്ചേശ്വരത്തുനിന്നും ദേവികുളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടവർ യഥാക്രമം കന്നഡയിലും തമിഴിലുമാണ് സത്യവാചകം ചൊല്ലിയത്. അവരുടെ വോട്ടർമാരില്‍ നല്ലൊരു ശതമാനം ആ അയല്‍ഭാഷകള്‍ സംസാരിക്കുന്നവരാണ്. അതിനാല്‍ അവർ ചെയ്തത് ശരി. എന്നാല്‍ കേരളത്തിലാരുടെയും മാതൃഭാഷ ഇംഗ്ലീഷല്ല. പിന്നെന്തിനാണ് പത്തോളം വിജയികള്‍ സത്യപ്രതിജ്ഞയ്ക്ക് ആ വിദേശഭാഷ ഉപയോഗിച്ചത്?

മലയാളിയുടെ തന്നെ ഒരു വ്യാജപ്രതിച്ഛായയുടെ അടയാളമായിരുന്നോ ആ പ്രതിജ്ഞ? അതോ, തങ്ങള്‍ സത്യം ചെയ്തതൊന്നും സാധാരണ ജനങ്ങള്‍ അറിയരുതെന്നു വിചാരിച്ചോ? അപ്പം തിന്നാല്‍ പോരേ കുഴിയെണ്ണണോ എന്നതായിരുന്നോ പ്രമാണം? വിജയിച്ചു കഴിഞ്ഞപ്പോള്‍ വിജയിപ്പിച്ചവരെയും മൊത്തം വോട്ടർമാരെയും തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തുന്നതായിപ്പോയി ആ നടപടി.
ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യവുമായി വലിയ സമരങ്ങളാണ് സാംസ്കാരിക പ്രവർത്തകർ കേരളത്തില്‍ നടത്തിയത്. കോടതിയാത്ര, സെക്രട്ടേറിയറ്റ് ധർണ, പിഎസ്‌സി ഓഫിസിനു മുന്നില്‍ നിരാഹാരം, കേരളയാത്ര, നിവേദനം, ജില്ലാ കേന്ദ്രങ്ങളില്‍ ധർണ, തിരുവോണനാളില്‍ ഉപവാസം അങ്ങനെ നിരവധി അഹിംസാമാർഗത്തിലുള്ള സമരരീതികള്‍ കേരളം കണ്ടു. എം എൻ കാരശേരിയും ഡോ. പി പവിത്രനും നന്ദകുമാറും അടക്കം നിരവധി ആളുകള്‍ മുൻനിരയില്‍ നിന്ന് പ്രവർത്തിച്ചു.
മലയാളം അക്ഷരമാല പ്രാഥമിക വിദ്യാഭ്യാസകാലത്ത് നിർബന്ധമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാനടക്കമുള്ളവർ സെക്രട്ടേറിയറ്റിനു മുന്നില്‍ അക്ഷരങ്ങള്‍ എഴുതിക്കൊണ്ട് സമരം ചെയ്തു. അക്ഷരമാലാ പഠനം പ്രാഥമിക വിദ്യാലയങ്ങളില്‍ നടപ്പിലാക്കുകയും ചെയ്തു.

ആ സമരങ്ങള്‍ക്കുശേഷം, ജനപ്രതിനിധികളുടെ ഇംഗ്ലീഷ് പ്രതിജ്ഞ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.
നോക്കൂ, തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ ചുമരെഴുത്തുകളും മലയാളത്തിലായിരുന്നു. വോട്ട് അഭ്യർത്ഥനകളെല്ലാം മലയാളത്തില്‍. മലയാളമായി പരിണമിച്ച വോട്ട് എന്ന വാക്കിനു പകരം സമ്മതിദാനാവകാശം എന്നുവരെ ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് കാലത്തുമാത്രം പ്രത്യക്ഷപ്പെടാറുള്ള 'ഹ്ന' എന്ന അക്ഷരം നമ്മുടെ ചിഹ്നത്തിന്റെ രൂപത്തില്‍ ചുമരുകളില്‍ മലർന്നു കിടന്നു. പ്രകടനപത്രികയും പ്രസംഗവും മലയാളത്തില്‍. ആരോപണ പ്രത്യാരോപണങ്ങളെല്ലാം മലയാളത്തില്‍. പത്രപ്രസ്താവനകളും മലയാളത്തില്‍. പാരഡിപ്പാട്ട് പോലും മലയാളത്തില്‍. പിന്നെന്തിനാണ് പ്രതിജ്ഞ ചൊല്ലുമ്പോള്‍ ആ മദാമ്മമൊഴി?
മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരൻ, സണ്ണി ജോസഫ്, ഷിബു ബേബിജോണ്‍ എന്നിവരും എ കെ എം അഷറഫ്, മാണി സി കാപ്പൻ, രമേഷ് പിഷാരടി, മാത്യു കുഴല്‍നാടൻ, ഫൈസല്‍ ബാബു, സന്ദീപ് വാര്യർ തുടങ്ങിയവരാണ് തങ്ങളുടെ ഇംഗ്ലീഷ് പാണ്ഡിത്യം വിളമ്പി വോട്ടർമാരോട് 'കൂരായണാ' പറഞ്ഞത്. ഇവരില്‍ നിന്നും നമ്മള്‍ മലയാളികള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

സത്യപ്രതിജ്ഞാ വേദിയില്‍ കണ്ട മറ്റൊരു അസംബന്ധം, കാളീസ്തുതി അടക്കമുള്ള വന്ദേമാതരം ഉയർന്നപ്പോള്‍ എല്ലാവരും ആദരവോടെ എണീറ്റ് നിന്നതാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ കുളത്തിലെ മലിനജലം സംസ്ഥാനങ്ങളിലേക്ക് അടിച്ചുകയറ്റുന്ന കിർലോസ്കർ പമ്പായാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. തിരുവള്ളുവരെപ്പോലും കാവിയുടുപ്പിച്ചിരിക്കുന്നു. കാളീസ്തുതി കേരളാ ഗവർണർക്കും പത്ഥ്യമാണ്.

ആദ്യത്തെ രണ്ടുപാദങ്ങള്‍ കഴിയുമ്പോള്‍ അവിടെയുണ്ടായിരുന്ന നിയമസഭാംഗങ്ങളും പ്രവർത്തകരും സ്വന്തം ഇരിപ്പിടങ്ങളില്‍ ഇരിക്കണമായിരുന്നു. ഗവർണറും മൂന്ന് എംഎല്‍എമാരും മാത്രം എഴുന്നേറ്റു നിന്ന് ഹിന്ദുമത ഫാസിസത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന കാഴ്ച അപ്പോള്‍ കാണാമായിരുന്നു. അതുണ്ടായില്ല. പുതിയ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേർന്ന നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ഗവർണറുടെ സാന്നിധ്യത്തില്‍ത്തന്നെ ദേശീയഗീതത്തിലെ കാളീസ്തുതി ഒഴിവാക്കിക്കണ്ടപ്പോഴാണ് മോഹാലസ്യപ്പെട്ടുകിടന്ന മതേതര ദേശീയബോധത്തിന് ഉണർവുണ്ടായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online