അർജന്റീനയില്‍ കോവിഡ് വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ഒമിക്രോണിന്റെ പരമ്പരയില്‍പ്പെട്ട ബിഎ 3.2 (സിക്കാഡ) എന്ന വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്.
അർജന്റീനയിലെ പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ 'ആൻലിസ് മാല്‍ബ്രാൻ' നടത്തിയ ജീനോമിക് നിരീക്ഷണത്തിലാണ് ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ മൂന്ന് നിവാസികളില്‍ വൈറസ് ബാധ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) മാനദണ്ഡപ്രകാരം നിലവില്‍ ഈ വകഭേദത്തെ തീവ്രത കുറഞ്ഞതും എന്നാല്‍ നിരീക്ഷണം ആവശ്യമുള്ളതുമായ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രോഗബാധിതരായ മൂന്ന് പേരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, അത് രോഗിയുടെ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നും നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും രാജ്യത്ത് കോവിഡ് വ്യാപനം നിലവില്‍ വളരെ കുറഞ്ഞതും നിയന്ത്രണവിധേയവുമായ അവസ്ഥയിലാണെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി.
പുതിയ വകഭേദത്തിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷി കൂടുതലാണെങ്കിലും ഇത് ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. എങ്കിലും വൈറസിന്റെ ജനിതക ഘടനയിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്ന് നാഷണല്‍ എപ്പിഡെമിയോളജിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കി.

