Dailyhunt
അസമില്‍ ആള്‍ക്കൂട്ടക്കൊല:  മൂന്ന് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടു

അസമില്‍ ആള്‍ക്കൂട്ടക്കൊല: മൂന്ന് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടു

Janayugom Online 3 weeks ago

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അസമില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. നൗഗോണ്‍ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

രൂപിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കത്പാറ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
കത്പാറ സ്വദേശികളായ സൈയ്ഫുള്ള, അജിബുർ, ഇനാമുള്‍ ഹഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മർദനമേറ്റ നാലാമത്തെയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാത്രി രണ്ട് മണിയോടെ പന്ത്രണ്ടോളം ആയുധധാരികള്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന ആറ് വയസുകാരിയെ കത്തിമുനയില്‍ നിർത്തിയാണ് പ്രതികള്‍ യുവാക്കളെ ക്രൂരമായി മർദിച്ചത്. മർദനമേറ്റ് അവശരായ ഇവരെ നൗഗോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ നാല് പേരെ അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും നൗഗോണ്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അബോട്ടനി ഡോളി അറിയിച്ചു. അക്രമികള്‍ ഇരകളുടെ വീട്ടില്‍ നിന്ന് പണവും സ്വർണാഭരണങ്ങളും കവർന്നതായും പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് വർധിച്ചു വരുന്ന മുസ്ലിം വിരുദ്ധതയുടെ തുടർച്ചയാണിതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി നടത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രമസമാധാന നില തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണോ ഇതെന്നും സംശയിക്കുന്നു. പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online