Dailyhunt
അതിജീവിതര്‍ക്ക്  800 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും: കത്തോലിക്കാ അതിരൂപത

അതിജീവിതര്‍ക്ക് 800 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും: കത്തോലിക്കാ അതിരൂപത

Janayugom Online 1 week ago

തിറ്റാണ്ടുകളായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, സഭാംഗങ്ങളില്‍ നിന്ന് ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടവർക്ക് വൻതുക നഷ്ടപരിഹാരം നല്‍കാൻ ന്യൂയോർക്ക് കത്തോലിക്കാ അതിരൂപത തീരുമാനിച്ചു.

സഭയിലെ വൈദികരില്‍ നിന്നും ജീവനക്കാരില്‍ നിന്നും കുട്ടിക്കാലത്ത് പീഡനമേല്‍ക്കേണ്ടി വന്ന 1,300ഓളം പരാതിക്കാർക്കായി 800 മില്യണ്‍ ഡോളർ നല്‍കാനാണ് ധാരണയായത്. അമേരിക്കൻ സഭാ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ഒത്തുതീർപ്പാണിത്.

ന്യൂയോർക്ക് സംസ്ഥാനം നടപ്പിലാക്കിയ 'ചൈല്‍ഡ് വിക്ടിംസ് ആക്‌ട്' ആണ് ഒത്തുതീർപ്പിലേക്ക് വഴിതെളിച്ചത്. വർഷങ്ങള്‍ക്കു മുമ്പ് നടന്ന പീഡനക്കേസുകളില്‍ പരാതി നല്‍കാനുള്ള കാലാവധി നിയമത്തിലൂടെ നീട്ടിനല്‍കിയതോടെയാണ് നൂറുകണക്കിന് ഇരകള്‍ സഭയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നത്. 2019ല്‍ നിയമം പ്രാബല്യത്തില്‍ വന്നതിനെത്തുടർന്ന് അയ്യായിരത്തിലധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ രൂപതകള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടത്.

സാമ്പത്തിക സഹായത്തിന് പുറമെ, കുറ്റാരോപിതരായ വൈദികരെയും ജീവനക്കാരെയും കുറിച്ചുള്ള രഹസ്യരേഖകള്‍ കോടതിയില്‍ സമർപ്പിക്കാനും അത് പരസ്യപ്പെടുത്താനും സഭ സമ്മതിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ലോസ് ഏഞ്ചല്‍സ് അതിരൂപത 880 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്‍കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ന്യൂയോർക്കിലെ ഈ നീക്കം. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനൊപ്പം സഭയുടെ സുതാര്യത ഉറപ്പാക്കാനും ഈ നടപടി അത്യാവശ്യമാണെന്ന് അതിരൂപത അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online