അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉത്തർപ്രദേശ് സർക്കാർ പുനഃസംഘടിപ്പിച്ചു.
മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ അന്വേഷണ സമിതി രൂപീകരിച്ചിരിക്കുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിക്കാൻ ജൂലൈ 13ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഐജി കിരണ്‍ എസിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തില്‍ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ ഡിഐജി സോമൻ വർമ്മ, എസ്‌എസ്‌പി ഗൗരവ് ഗ്രോവർ എന്നിവരാണ് അംഗങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥനായ ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മുൻ സമിതിക്ക് പകരമാണ് പുതിയ സംഘം. പുതിയ സംഘത്തലവന്‍ ഐജി കിരണ്‍ എസ് മുൻ സംഘത്തിലും അംഗമായിരുന്നു.
തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ തെളിവ് കണ്ടെത്തിയ ആദ്യ സമിതിയുടെ മേല്‍നോട്ടത്തില്‍ത്തന്നെ നിലവിലെ പൊലീസ് അന്വേഷണവും കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് ജൂലൈ 20ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ക്ഷേത്രത്തിലെ സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ചോദ്യം ചെയ്ത് പ്രതിപക്ഷമുള്‍പ്പെടെ രംഗത്ത് വന്നതിനെ തുടര്‍ന്ന് ജൂണ്‍ 13നാണ് മൂന്നംഗ എസ്‌ഐടി രൂപീകരിച്ചത്.
ജൂണ്‍ 23ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടില്‍ പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകളും ചില്ലറത്തുട്ടുകളും വസ്ത്രങ്ങളിലും പോക്കറ്റുകളിലും ഷൂസുകളിലുമായി ഒളിപ്പിച്ചുകടത്തിയ 70 സംഭവങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ കർശനമാക്കാത്തതിനാല്‍ പണം എണ്ണുന്ന ജീവനക്കാർ പതിവായി പണം ഒളിപ്പിച്ച് കടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടില്‍ ആരോപിക്കുന്നു.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെയും ട്രസ്റ്റിന്റെ ബാങ്കറായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണം എണ്ണുന്ന മുറിയിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് ആർഎസ്‌എസ് നേതാവും ട്രസ്റ്റിയുമായ അനില്‍ മിശ്രയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തിനെതിരെ നടപടികള്‍ ശുപാർശ ചെയ്തിട്ടില്ല.
അതേസമയം, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ പേര് റിപ്പോർട്ടില്‍ നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്ത എട്ട് ജീവനക്കാരില്‍ അദ്ദേഹത്തിന്റെ സഹായിയും ഉള്‍പ്പെട്ടിട്ടുണ്ട്. ജൂണ്‍ 25ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലും ഈ എട്ട് പേരെ പ്രതി ചേർത്തിട്ടുണ്ട്.

