ചെങ്കടലിലെ ബാബ് അല്‍ മന്‌ദെബിലെ കപ്പല്‍ ഗതാഗതത്തിന് യമനിലെ ഹൂത്തികള്‍ ഫീസ് ചുമത്തിയേക്കുമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്.
അടുത്തിടെ ബാബ് അല്‍ മന്‌ദെബിലെ കപ്പല്‍ പാതയില്‍ നേരത്തെ സൗദിക്കെതിരെ ഹൂഥികള്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ പാതയില്‍ ഫീസ് ചുമത്താന്‍ ഹൂത്തികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് വരുന്നത്.ഹോര്‍മുസ് കടലിടുക്കിന് പകരമായി സൗദി അറേബ്യ ഉപയോഗിക്കുന്ന കപ്പല്‍ പാതയാണ് ബാബ് അല്‍ മന്ദെബ്. ഹൂഥികള്‍ ഈ പാതയില്‍ ഫീസ് ചുമത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സൗദി അറേബ്യ പുതിയ അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചു. സൗദി അടക്കം 14 രാജ്യങ്ങളാണ് സഖ്യത്തില്‍ പങ്കാളികളാവുക.എപ്പോള്‍ മുതലാണ് ഹൂത്തികള്‍ കപ്പല്‍ പാതയില്‍ ഫീസ് ഈടാക്കുന്നത് ആരംഭിക്കുക എന്ന് വ്യക്തമല്ല.
ജൂലൈ 20നായിരുന്നു ഇറാന്റെ സഖ്യ കക്ഷിയായ ഹൂത്തികള്‍ യുഎസ് സഖ്യകക്ഷിയായ സൗദിക്കെതിരെ നാവിക ഉപരോധം പഖ്യാപിച്ചത്.ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസ് - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഹൂത്തികള്‍ അന്ന് ഉപരോധം പ്രഖ്യാപിച്ചത്. സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂത്തികളുടെ നടപടി സൗദി സഖ്യവും ഹൂത്തികളും തമ്മിലുള്ള യുദ്ധത്തിന്റെ ഒരു പുതിയ ഘട്ടമായും വിലയിരുത്തപ്പെട്ടിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ചെങ്കടല്‍ പാതയില്‍ ഫീസ് ചുമത്താന്‍ ഹൂത്തികള്‍തീരുമാനിച്ചതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ യുദ്ധം തുടരുന്ന യു.എസിനെ സമ്മര്‍ദത്തിലാക്കാന്‍ ഹൂത്തികളുടെ ഈ നീക്കം സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹൂത്തി പ്രതിനിധികള്‍ ജൂലൈ ആദ്യം ഇറാനിലെത്തിയിരുന്നു. ഈ സമയത്ത് ഇറാന്‍ പ്രതിനിധികളും ഹൂത്തി പ്രതിനിധികളും ബാബ് അല്‍ മാന്ദെബിലെ കപ്പല്‍ ഗതാഗതം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

