ഇന്ത്യയുടെ ബഹിരാകാശ സ്റ്റാർട്ടപ്പായ ഗാലക്‌സ്‌ഐ സ്‌പേസ് സൊല്യൂഷൻസ് ആദ്യ ദൗത്യത്തിന് ഒരുങ്ങുന്നു. ലോകത്തിലെ ആദ്യത്തെ മള്‍ട്ടി-സെൻസർ ഭൗമനിരീക്ഷണ ഉപഗ്രഹമായ മിഷന്‍ ദൃഷ്‌ടി ശൃംഖലയിലെ ആദ്യ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും.
ഇന്ത്യയിലെ സ്വകാര്യ കമ്പനി നിർമ്മിച്ച ഏറ്റവും വലിയ ഉപഗ്രഹമാണിത്. അമേരിക്കയിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12:29-നാണ് വിക്ഷേപണം. സിന്തറ്റിക് അപ്പർച്ചർ റഡാറും (എസ്‌എആര്‍), ഉയർന്ന റെസല്യൂഷൻ ഒപ്റ്റിക്കല്‍ പേലോഡുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമാണിത്. ഇത് രാത്രിയോ പകലോ, മേഘാവൃതമായ കാലാവസ്ഥയിലോ എപ്പോള്‍ വേണമെങ്കിലും വ്യക്തമായ ദൃശ്യങ്ങള്‍ പകർത്താൻ സഹായിക്കും.
ഏകദേശം 190 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 1.2 മുതല്‍ 3.6 മീറ്റർ വരെ സ്പേഷ്യല്‍ റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ പകർത്താൻ ഇതിന് സാധിക്കും. ദൃഷ്‌ടി നല്‍കുന്ന നിർണ്ണായക വിവരങ്ങള്‍ പ്രതിരോധം, അതിർത്തി നിരീക്ഷണം, ദുരന്തനിവാരണം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ഇൻഷുറൻസ് വിലയിരുത്തല്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ പ്രയോജനപ്പെടും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ചിപ്പ് ഉപയോഗിച്ച് ബഹിരാകാശത്ത് വെച്ചുതന്നെ ഡാറ്റകള്‍ വിശകലനം ചെയ്യാനും ഈ ഉപഗ്രഹത്തിന് കഴിവുണ്ട്. ഐഐടി മദ്രാസ് പൂർവ്വ വിദ്യാർത്ഥികള്‍ ചേർന്ന് സ്ഥാപിച്ച ബംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് ഗാലക്‌സ്‌ഐ. വരും വർഷങ്ങളില്‍ പത്തോളം ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശൃംഖല ബഹിരാകാശത്ത് വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ദൗത്യം വിജയകരമാകുന്നതോടെ ആഗോള ഭൗമനിരീക്ഷണ രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകും.

