ബിസിനസ് കോർപ്പറേറ്റ് ശക്തികള്‍ അവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവണ്‍മെന്റില്‍ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ പറഞ്ഞു.
ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മേയ്ദിന സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. കോർപ്പറേറ്റ് ശക്തികള്‍ക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുകയും വിയോജന ശബ്ദങ്ങള്‍ ഉയർത്തുന്നവരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി അടിച്ചമർത്തുകയും തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
സാമ്പത്തിക നേട്ടങ്ങള്‍ക്ക് മാത്രമാകരുത് തൊഴിലാളികളുടെ ഐക്യം. അവന്റെ അന്തസ്സ് ഉയർത്തുന്നതിനും, ആദർശ രാഷ്ട്രീയവും, ജാതിമത ചിന്തകള്‍ക്കതീതമായ സമൂഹ പുനർനിർമ്മിതിക്കും ആയിരിക്കണം. അത്തരം സമൂഹത്തെ ഒരു ശക്തിക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.നവകേരള പ്രസിഡന്റും ലോക കേരളസഭഅംഗവുമായ എൻ കെ ജയന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു സംസാരിച്ചു. രക്ഷാധികാരി കെ അജയകുമാർ മേയ് ദിന ആശംസ പ്രസംഗം നടത്തി.

