Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബലാത്സംഗികളും മഹാന്മാരാകുന്ന വര്‍ത്തമാന ഭാരതം

ബലാത്സംഗികളും മഹാന്മാരാകുന്ന വര്‍ത്തമാന ഭാരതം

Janayugom Online 16 hrs ago

ഏതൊരു സമൂഹത്തിലാണോ ബലാത്സംഗികളും കൊലപാതകികളും മഹത്വവല്‍ക്കരിക്കപ്പെടുകയും സ്വതന്ത്രരാകുകയും ചെയ്യുന്നത് ധാർമ്മികത്തകർച്ച പൂർണമായ സമൂഹമാണതെന്ന് ഉറപ്പിക്കണം.

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ - കൂട്ടക്കൊല കേസില്‍ പ്രതികളുടെ ജീവപര്യന്തം ശിക്ഷ നിർത്തിവയ്ക്കാനും അവർക്ക് ജാമ്യം അനുവദിക്കാനുമുള്ള സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെക്കുറിച്ചും സമൂഹത്തിന്റെ ധാർമ്മിക മനഃസാക്ഷിയെക്കുറിച്ചും ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയർത്തുന്നു. ഈ തീരുമാനത്തില്‍ ബില്‍ക്കീസ് ബാനു അഗാധമായ നിരാശയും ദുഃഖവും വേദനയും പ്രകടിപ്പിച്ചിട്ടുണ്ട്. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. രണ്ട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു എന്നതിലൊതുങ്ങുന്ന കേവല വിഷയമല്ല ഇത്. ബലാത്സംഗം, കൊലപാതകം, വർഗീയ കൂട്ടക്കൊല തുടങ്ങിയ അതിനിഷ്ഠുരവും നിന്ദ്യവുമായ കുറ്റകൃത്യങ്ങളെപ്പോലും സാധാരണമെന്ന് വരുത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചുള്ള ചോദ്യമാണിവിടെ ബലപ്പെടുന്നത്. കാലം കടന്നുപോകുമ്പോള്‍ കുറ്റകൃത്യത്തിന്റെ ഗൗരവവും ഇരയുടെ വേദനയും തന്നെ അവഗണിക്കാവുന്നവിധം നിയമത്തിന് മാറാനാകുമോ. വന്യമായ ക്രൂരതകളോടുള്ള സംവേദനക്ഷമത പരിഷ്കൃത സമൂഹമെങ്കില്‍ മരവിച്ച്‌ ഇല്ലാതാകുമോ, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ആവർത്തിക്കുകയാണ്.

2002ലെ ഗുജറാത്ത് വർഗീയ കലാപത്തിനിടെ, അഞ്ച് മാസം ഗർഭിണിയായിരുന്ന 21 വയസുകാരി ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായി. മൂന്ന് വയസുള്ള മകളടക്കം അവരുടെ കുടുംബത്തിലെ ഏഴ് പേർ അതിക്രൂരമായി കൊല്ലപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരവും ഇരുണ്ടതുമായ അധ്യായങ്ങളിലൊന്നാണിത്. ഇത്തരമൊരു ദുരന്തത്തില്‍ നിന്ന് ഒരിരയ്ക്കും പൂർണമായും മുക്തി നേടാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം നീതി എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുക എന്നത് മാത്രമല്ല. തനിക്കെതിരെ നടന്ന കുറ്റകൃത്യം സമൂഹവും ഭരണകൂടവും ഒരിക്കലും നിസാരമായി കാണില്ലെന്ന ഉറപ്പ് കൂടിയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 28ന് ബിപിൻചന്ദ്ര ജോഷിയുടെയും പ്രദീപ് മോഡിയുടെയും അപ്പീലുകള്‍ പരിഗണിച്ച സുപ്രീം കോടതി അവരുടെ ജീവപര്യന്തം ശിക്ഷ നിർത്തിവയ്ക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. 17 വർഷത്തിലേറെ ജയിലില്‍ കഴിഞ്ഞു എന്നതും പ്രതികളിലൊരാളുടെ ഗുരുതരമായ ശാരീരിക വൈകല്യവും ഉള്‍പ്പെടെ ചില കാരണങ്ങള്‍ കോടതി പരിഗണിച്ചു. ഇത് കുറ്റവിമുക്തമാക്കലല്ല എന്നത് ശരിയാണ്. എങ്കിലും പ്രതികള്‍ക്ക് ആശ്വാസം ലഭിച്ചു എന്നത് തീർച്ചയാണ്. ഈ തീരുമാനവും ഈ നിയമനടപടികള്‍ ഒന്നടങ്കവും ഗൗരവമായ ഒട്ടനവധി ചോദ്യങ്ങള്‍ ഉയർത്തുന്നു. നിഷ്ഠുര കുറ്റകൃത്യം മൂലം ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞ ഒരു സ്ത്രീയുടെ വേദനയ്ക്കും സുരക്ഷയ്ക്കും നീതിന്യായ പ്രക്രിയയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്? നീതി എന്നത് പ്രതികളുടെ അവകാശങ്ങളിലും അവർക്കുള്ള നിയമപരമായ ആശ്വാസത്തിലും മാത്രമായി ഒതുങ്ങുന്നതാണോ? ഇരയുടെ അന്തസും സുരക്ഷയും നീതി നേടാനുള്ള അവകാശവും നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ കൂടിയാണ്.

കേസിലെ മുൻ സംഭവപരമ്പരകളും പക്ഷപാതിത്വം ചൂണ്ടിക്കാട്ടുന്നതായിരുന്നു. പ്രാദേശിക പൊലീസിന്റെ ആദ്യഘട്ട അന്വേഷണം ചിലരെ സംരക്ഷിക്കാൻ ലാക്കാക്കിയുള്ളതായിരുന്നു. സുപ്രീം കോടതി ഇടപെടലിലൂടെ അന്വേഷണം സിബിഐക്ക് കൈമാറേണ്ടി വന്നു. കേസ് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റേണ്ടിയും വന്നു. 2008ല്‍ മുംബൈയിലെ പ്രത്യേക കോടതി 11 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. 2017 മേയില്‍ ഹൈക്കോടതി ഇവരുടെ ശിക്ഷ ശരിവച്ചു. എന്നിട്ടും 2022 ഓഗസ്റ്റ് 15ന് ഗുജറാത്ത് സർക്കാർ ഈ 11 പ്രതികളെയും അകാലത്തില്‍ മോചിപ്പിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അവരെ ആദരിച്ചു. കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ടവരെ വീരന്മാരായി അവതരിപ്പിക്കുന്നത് ഏതെങ്കിലും പരിഷ്കൃത സമൂഹത്തിന്റെ മുഖമാണോ? 2024 ജനുവരി എട്ടിന് സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന്റെ മോചന ഉത്തരവുകള്‍ റദ്ദാക്കി. ശിക്ഷായിളവ് നല്‍കാൻ അധികാരമുള്ള സർക്കാർ ഗുജറാത്തല്ലെന്നും, അധികാരപരിധി മറികടന്നാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റ പങ്കിനെക്കുറിച്ചുള്ള ഗൗരവമായ ഒരു ജുഡീഷ്യല്‍ നിരീക്ഷണമായിരുന്നു ഈ വിധി. ഈ സംഭവപരമ്പരയിലെ ഏറ്റവും അപകടകരമായ വശം, മനുഷ്യരെ അവരുടെ മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്ന ശീലമാണ്. ഇതില്‍ കുറ്റകൃത്യത്തിന്റെ ഗൗരവത്തെക്കാള്‍ പ്രാധാന്യം കുറ്റവാളിയുടെയും ഇരയുടെയും വർഗീയ സ്വത്വത്തിന് നല്‍കപ്പെടുന്നു. സ്വന്തം സമുദായത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ അയാളെ ന്യായീകരിക്കാൻ വാദങ്ങള്‍ മെനയുകയും, രാഷ്ട്രീയ സംരക്ഷണം നല്‍കുകയും, മഹത്വവല്‍ക്കരിക്കുകപോലും ചെയ്യുന്നു. മറ്റൊരു സമുദായത്തിലെ ഒരാള്‍ ഇരയായാല്‍, അയാളുടെ വേദനപോലും സംശയത്തിലും വെറുപ്പിലും നിറംചാർത്തുന്നു.

ഇതാണ് വർഗീയ ഫാസിസത്തിന്റെ ഉണ്മ. മനുഷ്യന്റെ വേദനയെപ്പോലും മതസ്വത്വത്തിന്റെ കണ്ണാടിയിലൂടെ കാണാൻ പ്രേരിപ്പിച്ച്‌ ജനങ്ങളെ വിഭജിക്കുന്നു. ബലാത്സംഗിയുടെയും കൊലപാതകിയുടെയും മതസ്വത്വം അയാളുടെ കുറ്റകൃത്യത്തെ ലഘൂകരിക്കുന്നു. ഇരയുടെ സ്വത്വം അവളുടെ മനുഷ്യാവകാശങ്ങളെക്കാള്‍ ചെറുതാകുന്നു. ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് ലഭിച്ച സ്വീകരണം ഈ വികലമായ മനോഭാവത്തിന്റെ ഉദാഹരണമായിരുന്നു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും നിഷ്പക്ഷതയെക്കുറിച്ച്‌ ചോദ്യങ്ങളുയരുന്നു. ഹീനമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കാൻ സർക്കാരുകള്‍ രാഷ്ട്രീയ സൗകര്യം തേടുമ്പോള്‍ നിശ്ചയമായും അത് ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളുടെ ശോഷണമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നൂറംബർഗ് വിചാരണകളില്‍ നാസി കുറ്റവാളികളെ ഉത്തരവാദികളാക്കിയത്, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ സാധാരണ രാഷ്ട്രീയ സംഭവങ്ങളായി അംഗീകരിക്കാനാവില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വർത്തമാന അപകടം ചിലർ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നതു മാത്രമല്ല, വിദ്വേഷത്തിന് സാമൂഹിക സ്വീകാര്യത ലഭിക്കുന്നു എന്നതാണ്. ആദ്യം കുറ്റകൃത്യം നടക്കുന്നു. പിന്നീട് അതിനെ ന്യായീകരിക്കാനുതകുന്ന വാദങ്ങള്‍ നിരത്തുന്നു. ഒടുവില്‍ കുറ്റവാളികളെ മഹാന്മാരാക്കുന്നു. സമൂഹം സർവസാധാരണമായി കണക്കാക്കാൻ തുടങ്ങുന്നു.

ഭരണകൂടങ്ങള്‍ക്ക് സംവേദനക്ഷമതയും ഉത്തരവാദിത്തബോധവും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബില്‍ക്കീസ് ബാനു കേസിലെ സുപ്രീം കോടതി തീരുമാനത്തെ വിമർശനാത്മകമായി പരിശോധിക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കലല്ല. ജുഡീഷ്യറിയുടെ തീരുമാനങ്ങളും പൊതുചർച്ചയ്ക്കും ഭരണഘടനാപരമായ പരിശോധനയ്ക്കും വിധേയമാണ്. നീതി എന്നാല്‍ നിയമനടപടികള്‍ പൂർത്തിയാക്കുക എന്നതു മാത്രമല്ല. നീതിയില്‍ സമൂഹത്തിനുള്ള വിശ്വാസം നിലനിർത്തുക എന്നതുകൂടിയാണ്. ബില്‍ക്കീസ് ബാനുവിന് നീതി ലഭിക്കുക എന്നത് സ്ത്രീയെയോ സമുദായത്തെയോ മാത്രം ബാധിക്കുന്ന ചോദ്യമല്ല. ഓരോ പൗരന്റയും ജീവനും അന്തസും അവകാശങ്ങളും തുല്യമൂല്യമുള്ളതാക്കിയ ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ്. ബലാത്സംഗികളും കൊലപാതകികളും ആദരിക്കപ്പെടാത്ത, അവരുടെ കുറ്റകൃത്യങ്ങള്‍ക്കെതിരെ സാമൂഹികമായ ചെറുത്തുനില്പുള്ള ഒരു രാജ്യമാണ് പുലരേണ്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online