പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി വോട്ടർപട്ടികയില്‍ നിന്ന് 91 ലക്ഷത്തോളം പേരെ നീക്കം ചെയ്തു.
രണ്ട് ഘട്ടങ്ങളിലായി നടന്ന സൂക്ഷ്മ പരിശോധനക്കൊടുവിലാണ് ഇത്രയധികം പേർ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 7.66 കോടിയില്‍ നിന്ന് 7.04 കോടിയായി കുറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ നിന്ന് മരണപ്പെട്ടവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിങ്ങനെ ചൂണ്ടിക്കാട്ടി 58.25 ലക്ഷം പേരെ ആദ്യം നീക്കം ചെയ്തിരുന്നു. ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ 5 ലക്ഷം പേരെയും, ഏറ്റവും ഒടുവില്‍ നടന്ന പരിശോധനയില്‍ 27.16 ലക്ഷം പേരെയും കൂടി ഒഴിവാക്കി.
പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തില്പെട്ടവരാണെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 'സബർ ഇൻസ്റ്റിറ്റ്യൂട്ട്' നടത്തിയ പഠനമനുസരിച്ച് നന്ദിഗ്രാമില്‍ ഒഴിവാക്കപ്പെട്ടവരില്‍ 60.9 % മുതല്‍ 98.7 % വരെ മുസ്ലിം വിഭാഗക്കാരാണ്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടുതല്‍ പേർ പുറത്തായത്. ഇവിടെ പരിശോധിച്ച 11 ലക്ഷം വോട്ടർമാരില്‍ 4.55 ലക്ഷം പേരെ അയോഗ്യരാക്കി. കൊല്‍ക്കത്ത നോർത്തില്‍ 39,164 പേരെയും കൊല്‍ക്കത്ത സൗത്തില്‍ 28,468 പേരെയും പട്ടികയില്‍ നിന്ന് നീക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലീങ്ങള്‍, മതുവകള്‍, രാജ്ബോങ്ഷികള്‍ തുടങ്ങിയ ജനവിഭാഗങ്ങളെ ബോധപൂർവ്വം ലക്ഷ്യം വെച്ചാണ് വോട്ടർമാരെ ഒഴിവാക്കിയതെന്ന് മമത ആരോപിച്ചു. "മതിയായ രേഖകളുള്ള പൗരന്മാരെപ്പോലും പട്ടികയില്‍ നിന്ന് പുറത്താക്കിയത് ഭരണഘടനാ വിരുദ്ധമാണ്. ഇവർക്കായി ട്രിബ്യൂണലുകളില്‍ നിയമപോരാട്ടം നടത്താൻ ആവശ്യമായ അഭിഭാഷക സഹായം സർക്കാർ നല്‍കും."-മമത ബാനർജി
നേരത്തെ ബീഹാറിലും സമാനമായ രീതിയില്‍ 65 ലക്ഷം പേരെ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ നടപടികള്‍ പൂർത്തിയായതിനാല്‍ പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ അവസരം ലഭിച്ചിരുന്നു. ബംഗാളില്‍ വോട്ടെടുപ്പിന് തൊട്ടു മുൻപാണ് ഈ നടപടി എന്നതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നഷ്ടമാകാൻ ഇത് കാരണമാകും.
ബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലെ പട്ടിക നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. മതിയായ രേഖകള്‍ ഹാജരാക്കിയിട്ടും പലരുടെയും അപേക്ഷകള്‍ നിരസിക്കപ്പെട്ടത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചേക്കാം.

