Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാള്‍ നിയമസഭയില്‍ നാടകീയ നീക്കങ്ങള്‍; റിതബ്രത ബാനര്‍ജിയെ നിയമസഭാ കക്ഷി നേതാവാവാൻ പിന്തുണച്ച്‌ 58 ടിഎംസി വിമത എംഎല്‍എമാര്‍

ബംഗാള്‍ നിയമസഭയില്‍ നാടകീയ നീക്കങ്ങള്‍; റിതബ്രത ബാനര്‍ജിയെ നിയമസഭാ കക്ഷി നേതാവാവാൻ പിന്തുണച്ച്‌ 58 ടിഎംസി വിമത എംഎല്‍എമാര്‍

Janayugom Online 1 week ago

മത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്ക്. പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട റിതബ്രത ബാനർജിയെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ച്‌ 58 വിമത ടിഎംസി എംഎല്‍എമാർ ബുധനാഴ്ച പശ്ചിമ ബംഗാള്‍ അസംബ്ലി സ്പീക്കർ രതീന്ദ്ര ബോസിന് കത്ത് നല്‍കി.

ഇതോടെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ അധികാര സമവാക്യങ്ങള്‍ പൂർണ്ണമായി മാറുമെന്നാണ് സൂചന. വിമത എംഎല്‍എമാരായ സന്ദീപൻ സാഹ, ഷിയുലി സാഹ, ജാവേദ് ഖാൻ തുടങ്ങിയ പ്രമുഖർ റിതബ്രത ബാനർജിക്കൊപ്പം സ്പീക്കറെ നേരിട്ട് കണ്ടാണ് 58 പേർ ഒപ്പിട്ട പിന്തുണക്കത്ത് കൈമാറിയത്. റിതബ്രത ബാനർജിയെ നേതാവായും, ജാവേദ് ഖാൻ, സന്ദീപൻ സാഹ, ഷിയുലി സാഹ എന്നിവരെ ഡെപ്യൂട്ടി നേതാക്കളായും, രഘുനാഥ്ഗഞ്ച് എംഎല്‍എ അഖ്രുജ്ജമാനെ ചീഫ് വിപ്പായും നിശ്ചയിച്ചുകൊണ്ടുള്ള പുതിയ നേതൃത്വ പട്ടികയും ഇവർ സമർപ്പിച്ചു. കഴിഞ്ഞ ദിവസം മമത ബാനർജി കൊല്‍ക്കത്തയില്‍ നടത്തിയ ധർണ്ണയില്‍ ഈ 58 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല.

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ ഒരു നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ട് (2/3) എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ നിയമസഭയില്‍ ആകെയുള്ള 80 ടിഎംസി എംഎല്‍എമാരില്‍ 54 പേരുടെ പിന്തുണയുണ്ടെങ്കില്‍ വിമതർക്ക് അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ തങ്ങള്‍ക്ക് റിതബ്രത ഉള്‍പ്പെടെ 59 പേരുടെ പിന്തുണയുണ്ടെന്ന് വിമതർ തെളിയിച്ചതോടെ, ഔദ്യോഗിക തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയായി തങ്ങളെ അംഗീകരിക്കണമെന്ന ഇവരുടെ വാദത്തിന് നിയമപരമായ കരുത്തു കൂടിയിരിക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം മാത്രമല്ല, പാർട്ടിയുടെ ഔദ്യോഗിക ചിഹ്നവും നിയന്ത്രണവും പിടിച്ചെടുക്കുകയാണ് വിമതരുടെ ലക്ഷ്യം.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയില്‍ പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോള്‍ പരസ്യമായ പിളർപ്പില്‍ എത്തിനില്‍ക്കുന്നത്. മെയ് 6ന് മമത ബാനർജിയുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ നേതാക്കളെ തെരഞ്ഞെടുക്കാൻ പാർട്ടിയെ ചുമതലപ്പെടുത്തിയെന്നും അതനുസരിച്ച്‌ സോവൻദേബ് ചട്ടോപാധ്യായെ പ്രതിപക്ഷ നേതാവായും ഫിർഹാദ് ഹക്കീമിനെ ചീഫ് വിപ്പായും നിശ്ചയിച്ചെന്ന് കാണിച്ച്‌ ഔദ്യോഗിക നേതൃത്വം അസംബ്ലിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിലെ എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമാണെന്നും യോഗത്തില്‍ വെറും അറ്റൻഡൻസ് രജിസ്റ്ററിലാണ് ഒപ്പിട്ടതെന്നും വിമതർ ആരോപിച്ചു. ഈ തർക്കത്തെ തുടർന്നാണ് റിതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും മമത പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാർട്ടിക്ക് മേലുള്ള മമത ബാനർജിയുടെ പിടി പൂർണ്ണമായും നഷ്ടപ്പെടുന്ന രീതിയിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം മമത വിളിച്ചുചേർത്ത യോഗത്തില്‍ വെറും 20 എംഎല്‍എമാർ മാത്രമാണ് പങ്കെടുത്തത്. സ്പീക്കർ രതീന്ദ്ര ബോസ് ഈ വിഷയത്തില്‍ എടുക്കുന്ന തീരുമാനം ബംഗാള്‍ പ്രതിപക്ഷ നിരയില്‍ ആര് ഇരിക്കണം എന്നതിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാവിയിലും നിർണ്ണായകമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online