പശ്ചിമ ബംഗാളില്‍ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാനുള്ള തിരക്കിട്ട ചർച്ചകളില്‍ ബിജെപി നേതൃത്വം.
അസൻസോള്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്ന് 40,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അഗ്നിമിത്ര പോളിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേള്‍ക്കുന്നത്. ഫാഷൻ ഡിസൈനർ കൂടിയായ അഗ്നിമിത്ര പോള്‍, മമത ബാനർജിക്ക് പകരമായി ഒരു വനിതാ മുഖത്തെ ഉയർത്തിക്കാട്ടാൻ ബിജെപി തീരുമാനിച്ചാല്‍ മുൻനിരയിലുണ്ടാകും.
മമത ബാനർജിയെ ഭവാനിപൂരില്‍ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ. 2021ല്‍ നന്ദിഗ്രാമിലും മമതയെ പരാജയപ്പെടുത്തിയ സുവേന്ദു പാർട്ടിയിലെ ശക്തനായ നേതാവാണ്. ഇവർക്ക് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ പേരും പരിഗണനയിലുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ മെയ് 9ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താനാണ് ബിജെപി ആലോചിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മമത ബാനർജി ഇതുവരെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ലാത്തത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന. ബിജെപി ഭരണത്തിലേറുന്നതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.

