Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗ്ലാദേശില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷം; വിവിധയിടങ്ങളില്‍ ആക്രമണം

ബംഗ്ലാദേശില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷം; വിവിധയിടങ്ങളില്‍ ആക്രമണം

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷം തുടരുന്നതിനിടെ ബംഗ്ലാദേശില്‍ വീണ്ടും വ്യാപകമായ തീവയ്പ് ആക്രമണങ്ങള്‍.

വെള്ളിയാഴ്ച സില്‍ഹെറ്റില്‍ വിദേശകാര്യ സഹമന്ത്രിയുടെ വസതിക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. രാജ്യത്തെ 28 ജില്ലകളിലെങ്കിലും കഴിഞ്ഞ പത്തുദിവസത്തിനിടെ നാടൻ ബോംബ് സ്ഫോടനങ്ങളും വാഹനങ്ങള്‍ കത്തിക്കലും ഉള്‍പ്പെടെ അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. സംഘർഷങ്ങളില്‍ ഇതുവരെ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ നൂറുകണക്കിന് അർധസൈനിക വിഭാഗം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ നഗരമായ സില്‍ഹെറ്റില്‍ വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കോബിറിന്റെ വസതിക്കുനേരെയാണ് വെള്ളിയാഴ്ച പെട്രോള്‍ ബോംബാക്രമണമുണ്ടായത്. ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോബിർ പ്രതികരിച്ചു. അക്രമം അഴിച്ചുവിട്ട് ഇന്ത്യയില്‍നിന്ന് ഒരാളെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിക്കാനാവില്ലെന്നും ഹസീനയെ പരാമർശിച്ച്‌ അദ്ദേഹം പറഞ്ഞു. ഹസീനയുടെ രാഷ്ട്രീയ ശക്തികേന്ദ്രമായ ഗോപാല്‍ഗഞ്ചില്‍ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. നൊബേല്‍ ജേതാവും മുൻ ഇടക്കാല ഭരണത്തലവനുമായ മുഹമ്മദ് യൂനുസ് സ്ഥാപിച്ച ഗ്രാമീണ്‍ ബാങ്കിന്റെ 20ലധികം ശാഖകള്‍ ഈ മാസം ആക്രമിക്കപ്പെട്ടതായി ബാങ്ക് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online