ഉത്തർപ്രദേശിലെ മീററ്റില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. സാഖിബ് എന്ന യുവാവാണ് തന്റെ ഭാര്യയായ നസ്റീനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറിയ കവർച്ചക്കാർ ഭാര്യയെ കൊലപ്പെടുത്തിയെന്നും സ്വർണ്ണവും പണവും കവർന്നുവെന്നും ബഹളം വെച്ച് ഇയാള്‍ നാട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസിന് ചില സംശയങ്ങള്‍ ഉടലെടുത്തു.
വീട്ടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ പുറത്തുനിന്ന് ഒരാള്‍ അതിക്രമിച്ചു കയറിയതിന്റെ തെളിവുകളോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ സാഖിബിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതിനെ നസ്റീൻ എതിർത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി സമ്മതിച്ചു.
കാമുകിയെ വിവാഹം കഴിക്കാൻ നസ്റീൻ തടസ്സമാകുമെന്ന് കരുതിയ സാഖിബ് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ അലമാരകള്‍ വാരിവലിച്ചിടുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത് കവർച്ചാ ശ്രമമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാല്‍ സാഹചര്യത്തെളിവുകളും സാങ്കേതിക തെളിവുകളും നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. നിലവില്‍ റിമാൻഡിലുള്ള പ്രതിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

