അമേരിക്കയില്‍ ഇന്ത്യൻ വംശജനയാ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. തെലങ്കാന സ്വദേശിയും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറുമായ അവിനാഷ് നാർനെയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒൻപത് മാസം മുന്നെയാണ് ഇയാള്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇപ്പോഴാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. കൊന്ന ശേഷം കൊലപാതക വിവരം മറച്ചുവെക്കാൻ ഇയാള്‍ ക്രൈം സീൻ കൃത്രിമമായി നിർമ്മിക്കുകയായിരുന്നുവെന്ന് പൊലീസ് ആരോപിച്ചു.
2025 ഒക്ടോബറിലാണ് അവിനാഷിന്റെ ഭാര്യയായ രാജിത സബ്ബിനേനി മരിച്ചത്. ഇന്ത്യയിലുള്ള മറ്റൊരു യുവതിയുമായുള്ള രഹസ്യ പ്രണയബന്ധം തുടരുന്നതിനായി അവിനാഷ് ആസൂത്രിതമായി നടത്തിയതാണ് ഈ കൊലപാതകമെന്ന് മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. ഭാര്യ മരിച്ചതിന്റെ പിറ്റേന്ന് രാജിതയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാഷ് തന്റെ കാമുകിക്ക് അയച്ചുകൊടുത്തതായി കോടതി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ഏകദേശം 48 കോടി രൂപ ജാമ്യതുകയില്‍ കസ്റ്റഡിയില്‍ കഴിയുന്ന അവിനാഷിന് കുറ്റം തെളിയിക്കപ്പെട്ടാല്‍ വാഷിംഗ്ടണ്‍ സംസ്ഥാന നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാം.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രാത്രിയില്‍ തന്റെ ഭാര്യ ബാത്റൂമില്‍ കയറി വാതിലടച്ചെന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും കാണിച്ച് അവിനാഷ് ബെല്ലെവൂ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ രാജിതയെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തി. വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിന് മുമ്പായിരുന്നു ഈ സംഭവം. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ശ്വാസം മുട്ടിയതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നും ഇത് ഒരു കൊലപാതകമാണെന്നും വ്യക്തമായത്.

