ബിജെപിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ലോക്‌സഭയിലെ ഓരോ ആറാമത്തെ ബിജെപി എംപിയും വോട്ട് മോഷണത്തിലൂടെയാണ് വിജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ച എക്സിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. ബിജെപി എംപിമാരെ അവരുടെ തന്നെ ഭാഷയില്‍ 'ഘുസ്‌പേഠിയ' (നുഴഞ്ഞുകയറ്റക്കാർ) എന്ന് വിളിക്കണമോ എന്നും അദ്ദേഹം ചോദിച്ചു. നിഷ്പക്ഷമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് ഇന്ന് 140 സീറ്റുകള്‍ പോലും ലഭിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി ഭരണത്തിലുള്ള ഹരിയാന സർക്കാരിനെ 'നുഴഞ്ഞുകയറ്റ സർക്കാർ' എന്ന് വിശേഷിപ്പിച്ച രാഹുല്‍, വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും കൃത്രിമം കാട്ടാൻ ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. ബംഗാളിലും അസമിലും ബിജെപി നേടിയ വിജയം ജനവിധിയുടെ മോഷണമാണെന്നും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനർജിക്കും രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. ടിഎംസിയുടെ തോല്‍വിയില്‍ സന്തോഷിക്കുന്ന കോണ്‍ഗ്രസിലെയും മറ്റ് പാർട്ടികളിലെയും നേതാക്കള്‍ സങ്കുചിത രാഷ്ട്രീയം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കേണ്ട പോരാട്ടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിങ്കളാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ബംഗാളില്‍ ടിഎംസിയെ പുറത്താക്കിയും അസമില്‍ തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

