ബൊളീവിയയില്‍ ചെലവുചുരുക്കല്‍ നടപടികള്‍ക്കും വർധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരെ ആഴ്ചകളായി തുടരുന്ന വൻ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രതിരോധ മന്ത്രി മാർസെലോ സലിനാസ് രാജിവച്ചു.
സലിനാസിന് പകരം പുതിയ പ്രതിരോധ മന്ത്രിയായി മുൻ ആന്റി-ഡ്രഗ് ടാസ്‌ക് ഫോഴ്‌സ് തലവനും ജൂനിയർ മന്ത്രിയുമായിരുന്ന എർണസ്റ്റോ ജസ്റ്റിനിയാനോയെ നിയമിച്ചു. മാർസെലോ സലിനാസിനു പുറമെ രാജ്യത്തെ പ്രമുഖ വനിതാ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ബിയാട്രിസ് ഗാർഷ്യയും രാജിവച്ചു. തൊഴില്‍ മന്ത്രി എഡ്ഗർ മൊറാലിസും സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഏപ്രിലില്‍ ഊർജ മന്ത്രിയെയും പ്രസിഡന്റിന് മാറ്റേണ്ടി വന്നിരുന്നു.
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളും, ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചതുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ഭൂമി പണയപ്പെടുത്താൻ അനുമതി നല്‍കുന്ന പുതിയ നിയമവും കർഷക വിരുദ്ധമായ ഭൂമി പരിഷ്കരണ നിർദേശങ്ങളും പ്രക്ഷോഭത്തിന് ആക്കം കൂട്ടി. പിന്നീട് ഈ നിയമങ്ങള്‍ സർക്കാർ പിൻവലിച്ചെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല.
തൊഴിലാളി സംഘടനകളുടെയും ഖനി തൊഴിലാളികളുടെയും മുൻ ഇടത്പക്ഷ പ്രസിഡന്റ് ഇവോ മൊറാലിസ് അനുകൂലികളുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പ്രക്ഷോഭകാരികള്‍ പ്രധാന ഹൈവേകളെല്ലാം ഉപരോധിച്ചതോടെ രാജ്യത്തെ പ്രധാന നഗരങ്ങളായ ലാ പാസ്, എല്‍ ആള്‍ട്ടോ എന്നിവ പൂർണമായും ഒറ്റപ്പെട്ടു. 2025 നവംബറിലാണ് റോഡ്രിഗോ പാസ് ബൊളീവിയയുടെ പ്രസിഡന്റായി അധികാരമേറ്റത്. വിദേശ നിക്ഷേപം ആകർഷിച്ച് രാജ്യം രക്ഷിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തില്‍ വന്ന പാസ്, സാധാരണക്കാരെ മറന്നുവെന്ന് തൊഴിലാളി യൂണിയൻ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.

