സെപ്റ്റംബർ 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അധ്യക്ഷ രാജ്യമെന്ന നിലയിലാണ് ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
2019-ലെ മാമല്ലപുരം കൂടിക്കാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നത്. 2020-ലെ അതിർത്തി സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും, വിമാന സർവീസുകളും വിസാ സൗകര്യങ്ങളും പുനഃസ്ഥാപിച്ച സാഹചര്യത്തിലും വ്യാപാര കമ്മിയും അതിർത്തി തർക്കങ്ങളും വെല്ലുവിളിയായി തുടരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രെയ്ൻ യുദ്ധവും രൂക്ഷമായ നിലവിലെ ആഗോള സാഹചര്യത്തില്‍, ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിലും ബ്രിക്‌സ് സഹകരണത്തിലും ഈ സന്ദർശനം നിർണായക വഴിത്തിരിവാകും.

