ഈ വർഷം ചൈനയില്‍ വീശിയടിച്ച ഏറ്റവും ശക്തമായ 'നൗള്‍' ചുഴലിക്കാറ്റില്‍ തെക്കൻ മേഖലയില്‍ 10 മരണം. ഞായറാഴ്ച പുലർച്ചെ 3.50 ഓടെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഹുയിഷൗ തീരത്താണ് മണിക്കൂറില്‍ 145 കിലോമീറ്റർ വേഗതയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
കാറ്റിനെത്തുടർന്നുണ്ടായ കനത്ത പ്രളയത്തിലും ഉരുള്‍പൊട്ടലിലുമാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ നിന്നുമാത്രം 7,15,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കനത്ത കാറ്റും മഴയും കാരണം ഗ്വാങ്‌ഷൗ, ഷെൻഷെൻ, ഹോങ്കോങ് മേഖലകളിലായി ആയിരത്തിലധികം വിമാന സർവീസുകളും നൂറുകണക്കിന് അതിവേഗ ട്രെയിൻ സർവീസുകളും റദ്ദാക്കി. അയല്‍പ്രദേശമായ ഹോങ്കോങ്ങില്‍ കനത്ത കാറ്റില്‍ കെട്ടിടങ്ങളുടെ താല്‍ക്കാലിക നിർമ്മാണ ചട്ടക്കൂടുകള്‍ തകര്‍ന്ന് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കൊടുങ്കാറ്റിനെത്തുടർന്ന് ഈ വർഷത്തെ ആദ്യത്തെ 'റെഡ് അലർട്ട്' ചൈനീസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.
ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവർത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി ചൈനീസ് സർക്കാർ 14.79 ദശലക്ഷം ഡോളർ അടിയന്തര ഫണ്ട് അനുവദിച്ചിട്ടുണ്ട്. നൗള്‍ ചുഴലിക്കാറ്റ് നിലവില്‍ കരയിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ ജിയാങ്‌സി, ഹുനാൻ പ്രവിശ്യകളില്‍ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു.

