ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ പാസ്റ്ററും അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യയും ഉള്‍പ്പെടെ 25 ലധികം പേർക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന. മേയ് 31 ന് സുക്മയിലെ സദ്രപാല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. 70 ഓളം വരുന്ന ക്രിസ്ത്യൻ മതവിശ്വാസികള്‍ പതിവ് ഞായറാഴ്ച ആരാധനയ്ക്കായി ഒത്തുകൂടിയ സ്ഥലത്തേക്ക് ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും അടക്കം ക്രൂരമായി മർദ്ദിക്കുകയും പ്രാർത്ഥനാ ഹാളിലെ സാധനസാമഗ്രികള്‍ അടിച്ചുതകർത്തതായും പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് ഭാരവാഹികള്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി സുക്മയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ടോങ്പാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമമായതിനാല്‍ സംഭവസ്ഥലത്തേക്ക് പൊലീസിന് യഥാസമയം എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. അക്രമത്തിന് ഇരയായവരുടെയും ദൃക്‌സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും പരിക്കേറ്റവർക്ക് ആവശ്യമായ മികച്ച വൈദ്യസഹായം സർക്കാർ ചെലവില്‍ ലഭ്യമാക്കണമെന്നും ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ സംഘടനകളും അഭ്യർത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടോങ്പാല്‍ പൊലീസ് സ്റ്റേഷനില്‍ നിലവില്‍ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിന്റെ തെക്കൻ മേഖലയായ ബസ്തർ, സുക്മ ജില്ലകളില്‍ കഴിഞ്ഞ കുറച്ചുകാലമായി സംഘ്പരിവാര്‍ പിന്തുണയോടെ ആദിവാസി വിഭാഗങ്ങളും ക്രിസ്ത്യൻ മതവിശ്വാസികളും തമ്മില്‍ മതപരിവർത്തന വിഷയങ്ങളെച്ചൊല്ലി തർക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് കൂടുതല്‍ സംഘർഷങ്ങള്‍ ഉണ്ടാകാതിരിക്കാൻ സദ്രപാല്‍ ഗ്രാമത്തില്‍ വൻ പൊലീസ് കാവല്‍ ഏർപ്പെടുത്തി.

