ചേർത്തല മണ്ഡലം വീണ്ടും ചുവന്നു. രണ്ട് പതിറ്റാണ്ടായി ചേർത്തല മണ്ഡലത്തെ സിപിഐയോട് ചേർത്തുനിർത്തിയ ജനങ്ങളെ നേരില്‍ കണ്ട് നന്ദി പറഞ്ഞ് മുൻ മന്ത്രി പി പ്രസാദ്.
14,489 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി പ്രസാദിന്റെ ഉജ്ജ്വല വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി പ്രസാദ് 83,216 വോട്ടുകള്‍ നേടിയപ്പോള്‍, ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ആർ രാജേന്ദ്ര പ്രസാദിന് 68,727 വോട്ടുകളും ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടി പി അനന്തരാജിന് 17,997 വോട്ടുകളുമാണ് ലഭിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യം പി പ്രസാദ് പിന്നിലായിരുന്നെങ്കിലും പിന്നീട് വൻ മുന്നേറ്റം നടത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളാണ് പല ബൂത്തുകളില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുത്തതെന്ന് നേതാക്കള്‍ വ്യക്തമാക്കി. വയലാർ സ്വദേശിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആർ രാജേന്ദ്ര പ്രസാദിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം വീണ്ടും പി പ്രസാദ് നിലനിർത്തിയത്. പട്ടണക്കാട്, പൊന്നാംവെളി, കടക്കരപ്പള്ളി, വയലാർ മേഖലകളില്‍ നിന്നും വലിയ മുന്നേറ്റമാണ് ഇക്കുറി എല്‍ഡിഎഫിന് ലഭിച്ചത്.
ജനങ്ങളോടുള്ള പി പ്രസാദിന്റെ മികച്ച ഇടപെടലുകളും വിജയത്തിന് മാറ്റുകൂട്ടി. രാവിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സന്ദർശനം നടത്തിയ ശേഷം വൈകിട്ടോടെ സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയ പി പ്രസാദിന് പ്രവർത്തകർ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. പടക്കങ്ങള്‍ പൊട്ടിച്ചും ഷാളുകള്‍ അണിയിച്ചുമാണ് വിജയിച്ചെത്തിയ അദ്ദേഹത്തെ പ്രവർത്തകർ വരവേറ്റത്. തുടർന്ന് പാർട്ടി ഓഫിസ് പരിസരത്ത് തടിച്ചുകൂടിയ പ്രവർത്തകർക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത ശേഷം വോട്ടർമാർക്ക് നന്ദി അറിയിച്ച് തുറന്ന ജീപ്പില്‍ റോഡ് ഷോയും നടത്തി. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, എൻ എസ് ശിവപ്രസാദ്, ചേർത്തല മണ്ഡലം സെക്രട്ടറി കെ ഉമയാക്ഷൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം സി സിദ്ധാർഥൻ, കെ ബി ബിമല്‍റോയ്, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ പി ഷാജിമോഹൻ, കെ ടി കുഞ്ഞുമുഹമ്മദ്, പി ഡി ബിജു എന്നിവരും പങ്കെടുത്തു.

