Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചൂരല്‍ പ്രയോഗം; സ്കൂളുകളില്‍ 'ബുളളിയിങ്' തടയാൻ കര്‍ശന നടപടിയുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍

ചൂരല്‍ പ്രയോഗം; സ്കൂളുകളില്‍ 'ബുളളിയിങ്' തടയാൻ കര്‍ശന നടപടിയുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍

Janayugom Online 2 weeks ago

സ്കൂളുകളിലെ ബുളളിയിങ്, സൈബർ ബുളളിയിങ് എന്നിവ തടയുന്നതിന്റെ ഭാഗമായി ആണ്‍കുട്ടികള്‍ക്ക് ചൂരല്‍ പ്രയോഗം ശിക്ഷയായി നല്‍കാൻ സിംഗപ്പൂർ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി.

മറ്റ് തിരുത്തല്‍ നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം, അവസാന മാർഗ്ഗം എന്ന നിലയിലായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡെസ്മണ്ട് ലീ പാർലമെന്റില്‍ അറിയിച്ചു. അപ്പർ പ്രൈമറി (9-12 വയസ്സ്) മുതലുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ ശിക്ഷ ബാധകമാകുക. പരമാവധി മൂന്ന് അടികള്‍ വരെയാണ് നല്‍കാവുന്നത്. പ്രിൻസിപ്പലിന്റെ മുൻകൂർ അനുമതിയോടെ, അധികാരപ്പെടുത്തിയ അധ്യാപകർക്ക് മാത്രമേ ശിക്ഷ നടപ്പിലാക്കാൻ അവകാശമുണ്ടാവുകയുള്ളൂ. സിംഗപ്പൂരിലെ നിയമപ്രകാരം സ്ത്രീകള്‍ക്ക് ചൂരല്‍ പ്രയോഗം നിരോധിച്ചിട്ടുള്ളതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ശിക്ഷ നല്‍കില്ല. പകരം സസ്പെൻഷൻ, ഡിറ്റൻഷൻ തുടങ്ങിയ നടപടികളായിരിക്കും സ്വീകരിക്കുക.

കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക ശിക്ഷകള്‍ അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും പെരുമാറ്റ ദൂഷ്യങ്ങള്‍ വർദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി യുണിസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ ഈ നീക്കത്തെ എതിർത്തു. എന്നാല്‍, കർശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ മാത്രമായിരിക്കും ഇത് നടപ്പിലാക്കുകയെന്നും ശിക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം സിംഗപ്പൂരിലെ വിദ്യാലയങ്ങളില്‍ നടന്ന ചില ഗുരുതരമായ 'ബുളളിയിങ്' സംഭവങ്ങളെത്തുടർന്ന് നടത്തിയ ഒരു വർഷത്തെ പഠനത്തിന് ശേഷമാണ് ഈ കർശന തീരുമാനം. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ആരംഭിച്ച ചൂരല്‍ പ്രയോഗം, സിംഗപ്പൂരിലെ ക്രിമിനല്‍ നിയമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online