Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദളിത് സമൂഹത്തെ പോരാടാൻ പഠിപ്പിച്ച നായകൻ

ദളിത് സമൂഹത്തെ പോരാടാൻ പഠിപ്പിച്ച നായകൻ

Janayugom Online 1 week ago

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ശക്തമായ ശബ്ദമായി ഉയർന്നുവന്ന മഹാനായ സാമൂഹിക പരിഷ്കർത്താവാണ് മഹാത്മാ അയ്യൻകാളി.

അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ജീവിതം മുഴുവൻ പോരാടിയ അയ്യൻകാളിയുടെ ജന്മദിനമാണ് ഇന്ന്.

1863 ഓഗസ്റ്റ് 28ന് തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ ജനിച്ച അയ്യൻകാളി, ജാതിവിവേചനവും സാമൂഹിക അസമത്വവും അതിരൂക്ഷമായിരുന്ന കാലഘട്ടത്തിലാണ് വളർന്നത്. അന്നത്തെ കേരളത്തില്‍ താഴ്ന്ന ജാതിക്കാർക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാനും വിദ്യാഭ്യാസം നേടാനും മാന്യമായ വസ്ത്രം ധരിക്കാനും പോലും കടുത്ത വിലക്കുകള്‍ നിലനിന്നിരുന്നു. ഇത്തരം അനീതികള്‍ക്കെതിരെ അയ്യൻകാളി ധീരമായ ചെറുത്തുനില്പ് ആരംഭിച്ചു. അയ്യൻകാളിയുടെ നേതൃത്വത്തിലുള്ള ഏറ്റവും ശ്രദ്ധേയമായ പ്രതിഷേധങ്ങളിലൊന്നായിരുന്നു വില്ലുവണ്ടി സമരം. പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ അദ്ദേഹം ആ വിലക്കിനെ ചോദ്യം ചെയ്തു. അത് ഒരു വ്യക്തിയുടെ യാത്ര മാത്രമായിരുന്നില്ല; മനുഷ്യന് സ്വതന്ത്രമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശത്തിന്റെ പ്രഖ്യാപനമായിരുന്നു.

"വിദ്യാഭ്യാസം എല്ലാവർക്കും അവകാശമാണ്" എന്ന ആശയം ശക്തമായി ഉയർത്തിപ്പിടിച്ച അയ്യൻകാളി, അധഃസ്ഥിത വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ശക്തമായ പോരാട്ടം നടത്തി. സ്കൂളുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ വിദ്യാഭ്യാസ അവകാശ പ്രസ്ഥാനത്തിന് വലിയ ഊർജം നല്‍കി. വിദ്യാഭ്യാസം സാമൂഹിക മുന്നേറ്റത്തിനുള്ള ഏറ്റവും ശക്തമായ ആയുധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസാവകാശത്തിനായി അദ്ദേഹം നടത്തിയ പോരാട്ടം കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ നിർണായക അധ്യായമായി മാറി.

സാമൂഹിക വിവേചനത്തിനെതിരെ മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായും അദ്ദേഹം പോരാടി. കർഷകത്തൊഴിലാളികളുടെ വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, അവധി തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തിപ്പിടിച്ച്‌ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1907ല്‍ രൂപീകരിച്ച സാധുജന പരിപാലന സംഘം അധഃസ്ഥിത ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി പ്രവർത്തിച്ച പ്രധാന സംഘടനയായിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെട്ടു. അയ്യൻകാളി ശ്രീമൂലം പ്രജാസഭയിലെ അംഗമായും പ്രവർത്തിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവരുടെ അവകാശങ്ങള്‍ക്കായി നിയമപരമായ ഇടപെടലുകള്‍ നടത്തുന്നതിനും അദ്ദേഹം ഈ വേദി ഉപയോഗിച്ചു.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ഒരു വിഭാഗത്തിന്റെ മാത്രം ഉന്നമനമായിരുന്നില്ല. ജാതിയുടെയും ജന്മത്തിന്റെയും പേരിലുള്ള വിവേചനങ്ങള്‍ അവസാനിപ്പിച്ച്‌ എല്ലാവർക്കും തുല്യമായ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുക എന്നതായിരുന്നു ആ കാഴ്ചപ്പാട്. ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യന്‍കാളിയും തമ്മിലുള്ള ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ച നടന്നത് 1912ല്‍ ബാലരാമപുരത്ത് വച്ചാണ്. കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും വിപ്ലവാത്മകവുമായ ഒരു സംഗമമായിരുന്നു ഇത്. കൂടിക്കാഴ്ചയില്‍, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ചും സാമൂഹിക പുരോഗതിയെക്കുറിച്ചും ഇരുവരും ദീർഘമായി ചർച്ച ചെയ്തു. ഈ രണ്ട് മഹാത്മാക്കളും ലക്ഷ്യം വച്ചത് ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങള്‍ക്കും എതിരെയുള്ള പോരാട്ടമായിരുന്നു. നാരായണഗുരു ആത്മീയതയിലൂടെയും വിദ്യാലയങ്ങളിലൂടെയും നവോത്ഥാനം നയിച്ചപ്പോള്‍, അയ്യന്‍കാളി പ്രത്യക്ഷമായ സമരങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയുമാണ് ജനങ്ങളെ നയിച്ചത്.

അയ്യൻകാളിയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത് അവകാശങ്ങള്‍ ആരും ദാനമായി നല്‍കുന്നതല്ല, മറിച്ച്‌ പോരാട്ടങ്ങളിലൂടെ നേടിയെടുക്കുന്നതാണെന്ന സത്യമാണ്. വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, തൊഴില്‍ അവകാശം, സാമൂഹിക ബഹുമാനം, തുല്യത എന്നിവയ്ക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്നും പ്രസക്തമാണ്. അയ്യൻകാളി ജയന്തി ഒരു അനുസ്മരണ ദിനം മാത്രമല്ല. ജാതിവിവേചനവും സാമൂഹിക അസമത്വവും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നിടത്തോളം അയ്യൻകാളിയുടെ ആശയങ്ങള്‍ നമ്മെ മുന്നോട്ട് നയിക്കേണ്ടതാണ്. സമത്വം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹിക നീതി - ഈ നാല് മൂല്യങ്ങള്‍ക്കായി അയ്യൻകാളി ഉയർത്തിയ ശബ്ദം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ എന്നും മുഴങ്ങിക്കൊണ്ടിരിക്കും. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു സമൂഹമാണ് യഥാർത്ഥ നവോത്ഥാനത്തിന്റെ ലക്ഷ്യം. അയ്യൻകാളി ഉയർത്തിപ്പിടിച്ച സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ആശയങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച്‌ മുന്നേറാം. ദളിത് സമൂഹം നേരിടുന്ന പ്രശ്നത്തെ വെറും 'ദാരിദ്ര്യത്തിന്റേത്' എന്ന നിലയില്‍ മാത്രം കാണുന്നത് അപൂർണമാണ്.

ദാരിദ്ര്യത്തോടൊപ്പം ജാതി, ഭൂമി, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ബഹുമാനം, രാഷ്ട്രീയ അധികാരം, നീതിയിലേക്കുള്ള പ്രവേശനം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് യഥാർത്ഥ സാമൂഹിക നീതി എന്നത് സാമ്പത്തിക സഹായം നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ജാതിയുടെ പേരില്‍ ഒരാളെയും താഴ്ത്തിക്കാണിക്കാത്ത സമൂഹം, തുല്യ വിദ്യാഭ്യാസവും തൊഴിലവസരവും, സുരക്ഷിതമായ ജീവിതവും, നിയമത്തിന് മുന്നില്‍ തുല്യനീതിയും, മാന്യമായ മനുഷ്യജീവിതവും ഉറപ്പാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ സമൂഹജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളാകുമ്പോഴാണ് യഥാർത്ഥ ജനാധിപത്യം പൂർണമാകുന്നത്. അതിനുവേണ്ടി പോരാട്ടം നയിച്ച മഹാത്മാ അയ്യൻകാളി വഹിച്ച പങ്ക് വളരെ വലുതാണ്. സെപ്റ്റംബർ ഒന്നിന് ഡല്‍ഹിയില്‍ രാം ലീലമൈതാനിയില്‍ സിപിഐ നടത്തുന്ന ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന "മാറ്റം അനിവാര്യമാണ്" എന്ന ക്യാമ്പയിൻ പ്രധാനമായും ദളിതർക്കും ഗോത്ര വിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുക അവർക്കെതിരായ അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക എന്ന വിഷയം ഉന്നയിച്ചുകൊണ്ടാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online