കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (TRASSK) വാർഷികാഘോഷമായ 'മഹോത്സവം 2026' നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ അഹ്മദി FAIPS ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ അരങ്ങേറും.
പ്രവാസലോകത്തെ കലാസ്വാദകർക്ക് ആവേശവും ആനന്ദവും പകരുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വർണ്ണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടർന്ന് DK ഡാൻസ് ടീം അവതരിപ്പിക്കുന്ന ആകർഷകമായ സ്വാഗത നൃത്തം വേദിയെ സജീവമാക്കും. നാട്ടില്‍ നിന്നെത്തുന്ന പ്രമുഖ പിന്നണിഗായകരായ അരവിന്ദ് ദിലീപ്, ശ്വേത അശോക്, കീർത്തന, സുധീഷ് ശശികുമാർ, ഷഹീൻഷാ എന്നിവർ അണിനിരക്കുന്ന സംഗീതവിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടും. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെ ശ്രദ്ധേയരായ ഓർക്കസ്ട്ര ടീമിന്റെ അകമ്പടിയോടെയുള്ള നോണ്‍സ്റ്റോപ്പ് ലൈവ് എന്റർടൈൻമെന്റ് ഷോ 'മഹോത്സവം 2026'-ന്റെ പ്രധാന ആകർഷണമായിരിക്കും.
വാർത്താ സമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ട്രാസ്ക് പ്രസിഡന്റ് രജീഷ് ചിന്നൻ, ജനറല്‍ സെക്രട്ടറി സുജീഷ് പി. സുരേന്ദ്രൻ, ട്രഷറർ മനോജ് കുരുംബയില്‍, വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ ജോയ് ചിറ്റിലപ്പിള്ളി, മീഡിയ കണ്‍വീനർ ജില്‍ ചിന്നൻ, വനിതാവേദി ജനറല്‍ കണ്‍വീനർ വിജിത രതീഷ്, സോഷ്യല്‍ വെല്‍ഫെയർ കണ്‍വീനർ സുധീർ കല്ലായില്‍, ആർട്സ് കണ്‍വീനർ രമേഷ് കെ. നായർ, സ്പോർട്സ് കണ്‍വീനർ മുകേഷ് ഗോപാലൻ, വനിതാവേദി സെക്രട്ടറി സുബൈദ ഷാജഹാൻ, ജോയിന്റ് കണ്‍വീനർ ക്രിസ്റ്റല്‍ മഞ്ഞളി, കളിക്കളം കണ്‍വീനർ സാന്ദ്ര സിജോയ് എന്നിവർ സംബന്ധിച്ചു സംസാരിച്ചു .

