Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്വിഷ ശര്‍മ്മ കേസ്; രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

ട്വിഷ ശര്‍മ്മ കേസ്; രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

ർതൃവീട്ടിലെ സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച മുൻ നടിയും മോഡലുമായ ട്വിഷ ശർമ്മയുടെ (32) സംസ്കാര ചടങ്ങുകള്‍ ഭോപ്പാലിലെ ഭദ്ഭദ വിശ്രാം ഘട്ടില്‍ നടന്നു.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഡല്‍ഹി എയിംസ് സംഘം നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയായതിന് പിന്നാലെയായിരുന്നു സംസ്കാരം. ട്വിഷയുടെ സഹോദരൻ ഹർഷിത് ചിതയ്ക്ക് തീ കൊളുത്തി. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് സമർത്ഥ് സിംഗിന് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പൊലീസ് അനുമതി നല്‍കിയില്ല. ഭർതൃമാതാവും വിരമിച്ച ജഡ്ജിയുമായ ഗിരിബാല സിംഗും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
അതിനിടെ, കേസില്‍ നിർണ്ണായകമായേക്കാവുന്ന എയിംസ് ഡോക്ടർമാരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരാൻ സമയമെടുക്കുമെന്ന് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത അറിയിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനയും ഹിസ്റ്റോപാത്തോളജി ടെസ്റ്റുകളും പൂർത്തിയാകേണ്ടതുണ്ട്.

പോലീസ് ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ ഏപ്രില്‍ 17ന് ട്വിഷ ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണെന്ന് സമർത്ഥ് സിംഗ് മൊഴി നല്‍കി. ഗർഭവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ തനിക്ക് ഒരു സാധാരണ കുടുംബജീവിതം വേണ്ടെന്നും ഗ്ലാമർ ലോകത്തേക്ക് മടങ്ങണമെന്നും ട്വിഷ ആവശ്യപ്പെട്ടതായി സമർത്ഥ് അവകാശപ്പെടുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും ട്വിഷ നോയിഡയിലെ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് ഏപ്രില്‍ 30ഓടെ ഇവരെ ഭോപ്പാലിലേക്ക് തിരികെ കൊണ്ടുവന്നത്.

മരണദിവസമായ മെയ് 12ന് രാത്രി ട്വിഷ താഴത്തെ നിലയില്‍ ആരോടോ ഫോണില്‍ സംസാരിക്കാൻ പോയതാണെന്നും, പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ടെറസില്‍ നൈലോണ്‍ ബെല്‍റ്റില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമ്മ ഗിരിബാല കണ്ടെത്തിയതെന്നും സമർത്ഥ് പറയുന്നു. ഉടൻ തന്നെ താഴെയിറക്കി സിപിആർ നല്‍കി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് ഭർത്താവിന്റെ മൊഴി.

എന്നാല്‍ സമർത്ഥ് സിംഗിന്റെ ഈ വാദങ്ങളെല്ലാം അസംബന്ധമാണെന്ന് ട്വിഷയുടെ പിതാവ് നവനീതി ശർമ്മ പറഞ്ഞു. മകള്‍ അവസാനമായി ഫോണില്‍ സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ സമർത്ഥ് കടുത്ത ദേഷ്യത്തോടെ ബഹളം വെയ്ക്കുന്നുണ്ടായിരുന്നുവെന്നും അതിന് പിന്നാലെയാണ് ഫോണ്‍ കട്ടായതെന്നും പിതാവ് ആരോപിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവൻ രജനീഷ് കൗളിന്റെ നേതൃത്വത്തില്‍ പ്രതി സമർത്ഥിനെ ഭർതൃവീട്ടിലെത്തിച്ച്‌ കൊലപാതക സാധ്യതകള്‍ പരിശോധിക്കാൻ ക്രൈം സീൻ പുനരാവിഷ്കരിക്കും. ഇതിന്റെ ഭാഗമായി ഭർതൃമാതാവ് ഗിരിബാല സിംഗിനോട് വീട്ടില്‍ തന്നെ തുടരാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online