Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്‍ നിനോ വരുന്നു

എല്‍ നിനോ വരുന്നു

Janayugom Online 1 week ago

വര്‍ഷം എല്‍ നിനോ പ്രതിഭാസം ഉറപ്പെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ഏഷ്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ പൂർണമായും മാറ്റിമറിക്കുന്ന പസഫിക് സമുദ്രത്തിലെ ഈ താപ വ്യതിയാനം ജൂണ്‍ മാസത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഇത് കാലവർഷം കൂടുതല്‍ വൈകാനും മഴയുടെ അളവ് വൻതോതില്‍ കുറയാനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഇക്കുറി ദീർഘകാല ശരാശരിയുടെ 90 ശതമാനം വരെ മാത്രമായിരിക്കും ആകെ മഴ ലഭിക്കുക. ജൂണ്‍ മാസത്തില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കും. വടക്കുപടിഞ്ഞാറൻ, മധ്യ, തെക്കൻ ഉപദ്വീപിലെ ചില പ്രദേശങ്ങള്‍ ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രാത്രികാല താപനിലയും സാധാരണയേക്കാള്‍ ഉയർന്നുതന്നെ നില്‍ക്കുമെന്നും ഐഎംഡി ഡയറക്ടർ ജനറല്‍ മൃത്യുഞ്ജയ മൊഹാപത്ര അറിയിച്ചു.
മഴയിലുണ്ടാകുന്ന കുറവും കടുത്ത ചൂടും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും ഖാരിഫ് വിളകളുടെ വിളവെടുപ്പിനെയും സാരമായി ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ജലസ്രോതസുകള്‍ വറ്റുന്നതിനും കടുത്ത വരള്‍ച്ചയ്ക്കും ഇത് കാരണമാകും. പ്രധാന ജലസംഭരണികളിലെ നീരൊഴുക്ക് കുറയുന്നത് ജലവൈദ്യുത നിലയങ്ങളിലെ ഉല്പാദനത്തെയും വലിയ തോതില്‍ ബാധിക്കും. ഈ വർഷം മാർച്ച്‌ ഒന്നിനും മേയ് 27നും ഇടയില്‍ രാജ്യത്ത് ലഭിച്ചത് 121.7 മില്ലിമീറ്റർ വേനല്‍മഴ മാത്രമാണ്.

പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കുഭാഗത്തുമുള്ള ഉപരിതല വെള്ളം ഒരു നിശ്ചിത പരിധിയിലും കൂടുതല്‍ ചൂടാകുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് ഓസ്ട്രേലിയ മുതല്‍ ഇന്ത്യയും അമേരിക്കയും വരെയുള്ള വലിയൊരു ഭൂപ്രദേശത്തെ കാറ്റിന്റെ ഗതിയെയും മഴയുടെ വിതരണത്തെയും ബാധിക്കും. ഇതിന് നേര്‍ വിപരീതവും ഇന്ത്യയ്ക്ക് സാധാരണയായി മികച്ച മഴ നല്‍കാൻ സഹായിക്കാറുള്ള പസഫിക് സമുദ്രത്തിലെ മുമ്പത്തെ ലാ നിന ഘട്ടം 2026 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു.

മേയ് മാസത്തോടെ സമുദ്രം സാധാരണ നിലയിലായെങ്കിലും ഇപ്പോള്‍ പസഫിക്കിന്റെ അടിത്തട്ടില്‍ വലിയ തോതില്‍ താപം സംഭരിക്കപ്പെടുന്നുണ്ട്. ജൂണ്‍ മാസത്തോടെ ഈ താപം സമുദ്രോപരിതലത്തിലേക്ക് ഉയർന്ന് എല്‍ നിനോയുടെ തുടക്കത്തിന് കാരണമാകുമെന്ന് ഓസ്ട്രേലിയന്‍ കാലാവസ്ഥാ ഏജന്‍സി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എല്‍ നിനോ രൂപപ്പെടാൻ 82% സാധ്യത പ്രവചിക്കുന്നു. ലോക കാലാവസ്ഥാ സംഘടനയിലെ കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി വില്‍ഫ്രാൻ മൗഫൂമ ഒകിയയും ഈ പ്രവചനത്തെ ശരിവയ്ക്കുന്നുണ്ട്.

ഇന്ത്യയില്‍ ഒരു വർഷത്തില്‍ ലഭിക്കുന്ന ആകെ മഴയുടെ 70 ശതമാനവും പെയ്യുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ്. രാജ്യത്തെ 60 ശതമാനത്തോളം കർഷകരും ഈ മഴയെ മാത്രം ആശ്രയിച്ചാണ് കൃഷിയിറക്കുക. എല്‍ നിനോ ബാധിച്ച വർഷങ്ങളില്‍ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളില്‍ മഴ പകുതിയായി കുറയാറുണ്ട്. ഇത് കടുത്ത ജലക്ഷാമത്തിനും കാര്‍ഷിക പ്രതിസന്ധിക്കും കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online