ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ വസ്ത്രധാരണമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചൂടേറിയ ചർച്ചാവിഷയം.
ഒറ്റനോട്ടത്തില്‍ കണ്ടാല്‍ എലി കരണ്ടതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള, കീറിപ്പറിഞ്ഞ സ്റ്റൈലിലുള്ള വസ്ത്രം ധരിച്ചാണ് താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ലാ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ ഈ 'വെറൈറ്റി' ലുക്ക്.
ട്രെയിലർ ലോഞ്ചിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ ആരാധകരും ട്രോളന്മാരും ഒരുപോലെ താരത്തിന് പിന്നാലെ കൂടി. "പാവം, അക്ഷയ് കുമാറിന് ഈ ഗതി വന്നല്ലോ", "നിങ്ങളുടെ ഔട്ട്ഫിറ്റ് ഡിസൈനർ എലിയാണോ?", "വരുന്ന വഴിക്ക് തെരുവ് നായ കടിച്ചതാണോ?" എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മലയാളികളുള്‍പ്പെടെയുള്ളവർ സമൂഹമാധ്യമത്തില്‍ ഈ വസ്ത്രധാരണത്തെ അതിരൂക്ഷമായി പരിഹസിക്കുന്നുണ്ട്. തമാശരൂപേണയുള്ള പ്രതികരണങ്ങള്‍ കൊണ്ട് നിറയുകയാണ് കമന്റ് ബോക്സുകള്‍.
ട്രോള്‍ ഒരുവശത്ത് നടക്കുമ്പോഴും സിനിമയുടെ വിശേഷങ്ങളില്‍ ആവേശത്തിലാണ് സിനിമാപ്രേമികള്‍. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നത്. ഹൊറർ കോമഡി ഗണത്തില്‍പ്പെടുന്ന 'ഭൂത് ബംഗ്ലാ' ഇവരുടെ ഏഴാമത്തെ ചിത്രമാണ്. 2010ല്‍ പുറത്തിറങ്ങിയ 'ഖട്ടാ മീഠാ' ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. വമ്പൻ ഹിറ്റായ 'ഭൂല്‍ ഭുലയ്യ' ചിത്രീകരിച്ച ജയ്പൂരിലെ ചോമു പാലസ് തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രധാന ലൊക്കേഷൻ.
വാമിഖ ഗബ്ബി നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡിലെ ഹാസ്യസാമ്രാട്ടുകളായ പരേഷ് റാവല്‍, രാജ്പാല്‍ യാദവ് എന്നിവരും അണിനിരക്കുന്നുണ്ട്. 2021-ലെ 'ഹങ്കാമ 2'ന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രം ഏപ്രില്‍ 17ന് തിയേറ്ററുകളില്‍ എത്തും.

