ഗാസ മുനമ്പിന്റെ 70% പ്രദേശത്തിന്റെയും നിയന്ത്രണം പിടിച്ചെടുക്കാന്‍ സെെന്യത്തോട് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇതിനകം ദുര്‍ബലമായ വെടിനിര്‍ത്തില്‍ കൂടുതല്‍ തകരാനും ഗാസ മുനമ്പില്‍ വിനാശകരമായ മാനുഷിക സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും നെതന്യാഹുവിന്റെ നീക്കം വഴിവയ്ക്കും. കഴിഞ്ഞ ഒക്ടോബറില്‍ യുഎസ് മധ്യസ്ഥതയില്‍ ഒപ്പുവച്ച താല്‍ക്കാലിക വെടിനിർത്തല്‍ കരാർ പ്രകാരം ഇസ്രയേലിന് ഗാസയുടെ 53% പ്രദേശത്തായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. എന്നാല്‍ ഹമാസ് പുനഃസംഘടന നടത്തുന്നു എന്ന് ആരോപിച്ച് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇസ്രയേല്‍ മുന്നേറുന്നത്.
ഗാസയില്‍ ശേഷിക്കുന്ന ഹമാസ് കേന്ദ്രങ്ങളെ പൂർണമായി തകർക്കാനും കടുത്ത സമ്മർദം ചെലുത്താനുമാണ് നിയന്ത്രണരേഖ 70 ശതമാനമായി ഉയർത്തുന്നതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇസ്രയേലിന്റെ സൈനിക നിയന്ത്രണം വികസിപ്പിക്കുന്നത് ഒക്ടോബറിലെ വെടിനിർത്തല്‍, അതിനെ അംഗീകരിച്ച യുഎൻ സുരക്ഷാ കൗണ്‍സില്‍ പ്രമേയം, ഗാസയെ ഇസ്രയേലി, ഹമാസ് നിയന്ത്രണത്തിലുള്ള ഭാഗങ്ങളായി വിഭജിക്കുന്ന താല്‍ക്കാലിക അതിര്‍ത്തി രേഖയായി തരംതിരിച്ച ഡൊണാള്‍ഡ് ട്രംപിന്റെ 20-ഇന സമാധാന പദ്ധതി എന്നിവയുടെ നേരിട്ടുള്ള ലംഘനമായിരിക്കും.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് പലസ്തീനികളെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നതില്‍ ഇസ്രയേല്‍ പിന്തുണയുള്ള പ്രാദേശിക സായുധ മിലിഷിയകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാറിനു ശേഷം രൂപപ്പെട്ട അതിര്‍ത്തിയില്‍ ജനവാസം ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെടിനിർത്തല്‍ രേഖയ്ക്ക് (യെല്ലോ ലൈൻ) സമീപം താമസിക്കുന്ന പലസ്തീനികളോട് അവരുടെ വീടുകളും താല്‍ക്കാലിക ഷെല്‍ട്ടറുകളും ഒഴിഞ്ഞു പോകാൻ സായുധ സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
മിലിഷിയകള്‍ക്ക് ഇസ്രയേല്‍ സൈന്യം ആയുധങ്ങളും ധനസഹായവും തന്ത്രപരമായ സഹായവും നല്‍കുന്നുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക അതിരുകളില്ലാത്ത നിയന്ത്രണ മേഖലകളിലേക്ക് അറിയാതെ പ്രവേശിക്കുന്ന പലസ്തീനികള്‍ക്ക് നേരെ സൈന്യവും മിലിഷിയകളും വെടിയുതിർക്കുന്നത് വലിയ ജീവഹാനിക്ക് കാരണമാകുന്നു. വെടിനിർത്തല്‍ നിലവിലുണ്ടായിരുന്നിട്ടും കഴിഞ്ഞ മാസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 900ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
പലസ്തീനികള്‍ സ്വന്തം ഇഷ്ടപ്രകാരം ഗാസ വിട്ടുപോകുന്ന സാഹചര്യമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കിയിരുന്നു. ഗാസയിലെ ജനസംഖ്യ ഗണ്യമായി കുറയ്ക്കുക എന്നതും ഇസ്രയേലിന്റെ പൂർണ നിയന്ത്രണം ഉറപ്പാക്കുക എന്നതുമാണ് ഇസ്രയേല്‍ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് വെറും കുടിയിറക്കമല്ലെന്നും മറിച്ച് പലസ്തീനികളെ ഗാസയില്‍ നിന്ന് പൂര്‍ണമായി തുടച്ചുനീക്കാനുള്ള ആസൂത്രിതമായ വംശീയ ഉന്മൂലന പദ്ധതിയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കുക, ആഹാരവും മരുന്നും തടയുക, നിരന്തരമായ ഒഴിപ്പിക്കലുകള്‍ നടത്തുക എന്നിവയിലൂടെ അവിടുത്തെ ജീവിതം അസഹനീയമാക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. ജീവൻ നിലനിർത്താൻ മറ്റ് മാർഗമില്ലാതെ ജനങ്ങള്‍ ഗാസ വിട്ടുപോകാൻ നിർബന്ധിതരാകുന്ന അവസ്ഥയെയാണ് ഇസ്രയേല്‍ "സ്വമേധയാ ഉള്ള പലയാനം" എന്ന് വിളിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

