തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) അധ്യക്ഷൻ വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.
മേയ് 7ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 234 അംഗ നിയമസഭയില്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്.
ഭരണത്തിലേറാൻ 118 സീറ്റുകളാണ് വേണ്ടതെന്നിരിക്കെ, വിജയ്‌യുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. കോണ്‍ഗ്രസ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെങ്കിലും ഭൂരിപക്ഷ കടമ്പ കടക്കാൻ അത് മതിയാകില്ല. തെരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. ഇതോടെ ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിന് ആകെ 113 സീറ്റുകളാകും. ഭൂരിപക്ഷം തെളിയിക്കാൻ 5 സീറ്റുകള്‍ കൂടി വിജയ്‍യുടെ മുന്നണിക്ക് കണ്ടെത്തേണ്ടതുണ്ട്.

