പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃപാടവവും ആർഎസ്‌എസിന്റെ പ്രവർത്തന മികവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വഡോദര മഹാരാജ സായാജിറാവു സർവകലാശാല (എംഎസ്‌യു).
ജൂണില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതല്‍ ബിഎ സോഷ്യോളജി നാലാം വർഷം, എംഎ സോഷ്യോളജി ഒന്നാം വർഷം എന്നീ കോഴ്സുകളുടെ ഭാഗമായാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുക. ഇന്ത്യൻ വിജ്ഞാന സമ്പ്രദായം, ഹിന്ദു മതപഠനം, ദേശീയത തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം 'മോഡി തത്വം' ഒരു പ്രത്യേക ആശയമായി സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
പ്രശസ്ത ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞൻ മാക്സ് വെബറിന്റെ 'കരിസ്മാറ്റിക് അധികാരം' എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമകാലിക രാഷ്ട്രീയത്തില്‍ നിർണായക സ്വാധീനം ചെലുത്തുന്ന വ്യക്തിത്വമെന്ന നിലയില്‍ മോഡിയുടെ ഭരണ ശൈലി, ബഹുജനങ്ങളുമായുള്ള ബന്ധം, നയരൂപീകരണം എന്നിവ ഒരു കേസ് സ്റ്റഡിയായി വിദ്യാർത്ഥികള്‍ പഠിക്കണം.
ഗുജറാത്തിലെ ഗ്രാമീണ മേഖലകളില്‍ വിദ്യാർത്ഥികള്‍ നടത്തുന്ന ഫീല്‍ഡ് വർക്കിനെ അടിസ്ഥാനമാക്കിയാണ് ആർഎസ്‌എസിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആർഎസ്‌എസിന്റെ സാമൂഹിക വ്യാപനം, പ്രവർത്തന രീതികള്‍, സംഭാഷണ മാതൃകകള്‍ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികള്‍ നേരിട്ട് പഠിക്കണം. ഭാരതത്തിന്റെ സാമൂഹ്യശാസ്ത്രം, ഹിന്ദു സാമൂഹ്യശാസ്ത്രം, ദേശസ്നേഹത്തിന്റെ സാമൂഹ്യശാസ്ത്രം എന്നിങ്ങനെ നാല് ക്രെഡിറ്റുകള്‍ വീതമുള്ള മൊഡ്യൂളുകളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ തനതായ വിജ്ഞാനവും സമകാലിക ഭരണഘടനയും സാമൂഹിക യാഥാർത്ഥ്യങ്ങളുമായി അക്കാദമിക് ചട്ടക്കൂടിനെ യോജിപ്പിക്കുകയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സോഷ്യോളജി വിഭാഗം മേധാവിയും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സണുമായ വീരേന്ദ്ര സിങ് പറയുന്നു. 50 വർഷത്തിന് ശേഷം ചരിത്രകാരന്മാർ വിലയിരുത്തുന്നതിന് പകരം, സമകാലിക ചരിത്രത്തിന്റെ ഭാഗമായ ഈ വിഷയങ്ങള്‍ തലമുറകള്‍ ഇപ്പോള്‍ തന്നെ പഠിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ തീരുമാനത്തിനെതിരെ അക്കാദമിക് വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും കടുത്ത വിമര്‍ശനമുയര്‍ത്തി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണകൂടത്തിന് അനുകൂലമായ പ്രത്യയശാസ്ത്രങ്ങളും സംഘടനാ ആശയങ്ങളും കുത്തിനിറയ്ക്കുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കി. ചരിത്രപരമായ നിഷ്പക്ഷത പാലിക്കേണ്ട സർവകലാശാലകള്‍ രാഷ്ട്രീയ പ്രേരിതമായി മാറുന്നത് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വിമർശനമുയര്‍ന്നു.

