തൃശൂർ കോർപ്പറേഷന്റെ ലീഗല്‍ സ്റ്റാൻഡിങ് കൗണ്‍സില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തർക്കവും ഗ്രൂപ്പ് പോരും രൂക്ഷമാകുന്നു.
എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അഡ്വ. അന്ന ലിൻഡ ഈഡനെ പാനലില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ സജീവ പ്രവർത്തകരായ നിരവധി അഭിഭാഷകരെ അവഗണിച്ചുകൊണ്ട് പുറത്തുനിന്നുള്ളവർക്ക് മുൻഗണന നല്‍കുന്നത് സ്വജനപക്ഷപാതമാണെന്ന ആരോപണം പാർട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്.
കഴിഞ്ഞ മേയ് 26നാണ് തൃശൂർ കോർപ്പറേഷന്റെ ആദ്യ ഘട്ട ലീഗല്‍ പാനല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍, അന്ന ലിൻഡ ഈഡനെ ഉള്‍പ്പെടുത്തുന്നതിനായി നിലവിലുണ്ടായിരുന്ന 25 അംഗ പാനല്‍ അടിയന്തരമായി 29 ആക്കി വിപുലീകരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. പാനല്‍ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചതിന് പിന്നില്‍ ഡിസിസി നേതൃത്വത്തിലെ ചില പ്രമുഖരുടെ സാമ്പത്തിക താല്പര്യങ്ങളുണ്ടെന്ന കടുത്ത ആരോപണവും പാർട്ടിക്ക് അകത്തുനിന്ന് തന്നെ ഉയർന്നിട്ടുണ്ട്.
വരാനിരിക്കുന്ന കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ മുപ്പത്തിയൊൻപതാമത് അജണ്ടയായിട്ടാണ് അഡ്വ. അന്ന ലിൻഡ ഈഡന്റെ ഈ വിവാദ നിയമനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ ഔദ്യോഗിക അജണ്ടയുടെ പകർപ്പ് ഇതിനോടകം തന്നെ പരസ്യമായത് നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രദേശവാസികളായ അർഹരായ അഭിഭാഷകരെ തഴഞ്ഞ്, കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവിന്റെ ഭാര്യയെ തൃശൂരില്‍ തിരുകിക്കയറ്റാനുള്ള നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കാനാണ് ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ തീരുമാനം. വിവാദം ശക്തമായ പശ്ചാത്തലത്തില്‍, നാളെ നടക്കാനിരുന്ന കൗണ്‍സില്‍ യോഗം മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

