ഹൈക്കോടതിയുടെ നിർദേശങ്ങള്‍ ലംഘിച്ച് പൊതുയോഗം നടത്തിയെന്ന പരാതിയില്‍ മമത ബാനർജിക്കെതിരെ കേസെടുത്ത് പൊലീസ്.
തൃണമൂല്‍ ഛാത്ര പരിഷത്തിന്റെ സ്ഥാപകദിന പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസ്. മധ്യ കൊല്‍ക്കത്തയിലെ കത്രീഡല്‍ റോഡില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനെതിരെയാണ് ഹാസ്റ്റിങ്‌സ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പരിപാടിയുടെ സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പൊതുയോഗം നടത്തുമ്പോള്‍ റോഡിന്റെ ഒരു വശം ഗതാഗതത്തിനായി ഒഴിച്ചിടണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാല്‍ ഇത് ലംഘിച്ച് റോഡിന്റെ ഇരുവശവും അടച്ചാണ് പരിപാടി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞും പരിപാടി തുടർന്നതായും ആരോപണമുണ്ട്.
കേസെടുത്തതിന് പിന്നാലെ മമത ബാനർജി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമായ രീതിയിലാണ് പൊലീസ് പ്രവർത്തിച്ചിരുന്നതെന്നും ബിജെപി അധികാരത്തിലെത്തിയതോടെ തോന്നിയതുപോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും മമത ആരോപിച്ചു.

