സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡ് ഭാവിയില്‍ മാഞ്ചസ്റ്റർ സിറ്റി വിടുന്നത് അനിവാര്യമാണെന്ന പ്രവചനവുമായി മുൻ സിറ്റി താരം ഗാരെത് ബാരി.
നിലവില്‍ താരം ക്ലബ് വിടാൻ സമ്മർദം ചെലുത്തുന്നില്ലെങ്കിലും, അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളില്‍ സിറ്റി കൈവരിക്കുന്ന വിജയങ്ങളെ ആശ്രയിച്ചായിരിക്കും ഹാലൻഡിന്റെ ഭാവി തീരുമാനിക്കപ്പെടുകയെന്ന് ബാരി വ്യക്തമാക്കി.
2022-ല്‍ ക്ലബിലെത്തിയ ഹാലൻഡ് 200 മത്സരങ്ങളില്‍ നിന്ന് 162 ഗോളുകള്‍ നേടിയിട്ടുണ്ട്. 2034 വരെ നീളുന്ന കരാറുണ്ടെങ്കിലും കിരീടനേട്ടങ്ങളില്‍ ഇടിവുണ്ടായാല്‍ താരം പുതിയ വെല്ലുവിളികള്‍ തേടി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കോ ബാഴ്സലോണയിലേക്കോ ചേക്കേറാൻ സാധ്യതയുണ്ടെന്നാണ് ബാരിയുടെ വിലയിരുത്തല്‍. പെപ് ഗ്വാർഡിയോളയുടെയും റോഡ്രിയുടെയും പടിയിറക്കം സിറ്റിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും മുൻ ഇംഗ്ലണ്ട് താരം ചൂണ്ടിക്കാട്ടി.സിറ്റിയുടെ കിരീടവിജയങ്ങള്‍ തുടരുന്നിടത്തോളം കാലം ഹാലൻഡ് ക്ലബ്ബില്‍ തുടരുമെങ്കിലും ഭാവിയിലെ പ്രകടനങ്ങള്‍ താരത്തിന്റെ തീരുമാനത്തില്‍ നിർണായകമാകും.

