Dailyhunt
ഹന്റാവൈറസ് ബാധ; 'എംവി ഹോണ്ടിയസ്' എന്ന ആഡംബര കപ്പലിലെ മൂന്ന് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹന്റാവൈറസ് ബാധ; 'എംവി ഹോണ്ടിയസ്' എന്ന ആഡംബര കപ്പലിലെ മൂന്ന് യാത്രികര്‍ക്ക് ദാരുണാന്ത്യം

Janayugom Online 1 week ago

റ്റ്ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന 'എംവി ഹോണ്ടിയസ്' എന്ന ആഡംബര കപ്പലില്‍ ഹന്റാവൈറസ് ബാധയെന്ന് സംശയം.

രോഗബാധയെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികള്‍ മരിച്ചു. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 69 വയസ്സുകാരനായ ബ്രിട്ടീഷ് പൗരന് ഹന്റാവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നെതർലാൻഡ്‌സില്‍ നിന്നുള്ള ദമ്പതികളും ഒരു ജർമ്മൻ പൗരനുമാണ് മരിച്ചത്. ഇവരുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാനമായ ലക്ഷണങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. ഇതുകൂടാതെ രണ്ട് കപ്പല്‍ ജീവനക്കാർക്ക് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി യൂറോപ്പിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് കപ്പല്‍ അധികൃതർ അറിയിച്ചു.

എലി പോലുള്ള കരണ്ടുതീനികളുടെ മലമൂത്ര വിസർജ്യങ്ങള്‍, ഉമിനീർ എന്നിവയിലൂടെയാണ് സാധാരണയായി ഹന്റാവൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന മാരകമായ അസുഖമാണിത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അപൂർവ്വമാണെങ്കിലും നിലവില്‍ കപ്പലില്‍ പടർന്നത് വൈറസിന്റെ വകഭേദമാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. 149 യാത്രക്കാരുമായി അർജന്റീനയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇപ്പോള്‍ കേപ് വെർഡെ തീരത്താണ് നങ്കൂരമിട്ടിരിക്കുന്നത്. എന്നാല്‍ പ്രാദേശിക അധികൃതർ യാത്രക്കാരെ കരയിലിറങ്ങാൻ അനുവദിച്ചിട്ടില്ല. കപ്പലില്‍ കർശനമായ ശുചിത്വ പ്രോട്ടോക്കോളുകളും ഐസൊലേഷൻ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ സ്‌പെയിനിലെ കാനറി ഐലൻഡിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും പൊതുജനങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online