Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മുസ് കേവലമൊരു മറ യഥാര്‍ത്ഥ പ്രതിസന്ധി നരേന്ദ്ര മോഡി

ഹോര്‍മുസ് കേവലമൊരു മറ യഥാര്‍ത്ഥ പ്രതിസന്ധി നരേന്ദ്ര മോഡി

ശ്ചിമേഷ്യ കേന്ദ്രീകരിച്ചും ഹോർമുസ് കടലിടുക്കിലാണ്ടും പെരുകുന്ന സംഘർഷങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണമെന്ന് അവതരിപ്പിക്കാനാണ് യൂണിയൻ ഭരണകൂടത്തിന്റെ പരിശ്രമം.

ബാഹ്യയുദ്ധങ്ങള്‍ മൂലം രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുളപൊട്ടി ഉയർന്നു എന്ന രീതിയില്‍ കഥകള്‍ സൃഷ്ടിക്കപ്പെടുകയാണ്. പക്ഷെ, ഇന്നത്തെ പ്രതിസന്ധിക്കു പിന്നിലെ യാഥാർത്ഥ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ സാമ്പത്തിക-തന്ത്രപ്രധാന നയങ്ങളുടെ പരാജയമാണ്. ഹോർമുസ് ഈ പ്രതിസന്ധിയെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തത്.

ഇറക്കുമതിയെ ആശ്രയിക്കുന്ന കോർപറേറ്റ് കേന്ദ്രീകൃതവും തന്ത്രപരമായി ദുർബലവുമായ സാമ്പത്തിക മാതൃകയാണ് രാജ്യത്തിന്റെ പ്രതിസന്ധിയുടെ ഉണ്മ. രാജ്യത്തിനാവശ്യമായ അസംസ്കൃത എണ്ണയുടെ 88-90 ശതമാനത്തോളം ഇറക്കുമതി ചെയ്യുകയാണ്. 2014ല്‍ ഈ ആശ്രയത്വം ഏകദേശം 77 ശതമാനമായിരുന്നു. "ആത്മനിർഭർ ഭാരത്" എന്ന പൊങ്ങച്ചം ഉച്ചത്തില്‍ ഉയരുമ്പോഴും ഊർജ മേഖലയില്‍ ഇന്ത്യ കൂടുതല്‍ പരാശ്രയത്വത്തിലേയ്ക്ക് ആണ്ടു. ഊർജ മേഖലയിലെ ആശ്രയത്വം കുറയ്ക്കുന്നതിനായി യൂണിയൻ സർക്കാർ ദീർഘകാല തന്ത്രങ്ങളൊന്നും വികസിപ്പിച്ചില്ല. പൊതുഗതാഗത സംവിധാനം വലിയ രീതിയില്‍ വിപുലീകരിക്കണമെന്ന ആവശ്യത്തിന് മുൻഗണന നല്‍കിയില്ല. ബദല്‍ ഊർജ സ്രോതസുകള്‍ വ്യാപിപ്പിച്ചതുമില്ല. ആഭ്യന്തര ഊർജ സുരക്ഷ ശക്തിപ്പെടുത്തിയതുമില്ല. ഏകദേശം 40 രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നാണ് സർക്കാർ അവകാശം.

എന്നാല്‍ ഇന്ത്യയുടെ ആശ്രയത്വം ഭൂരിഭാഗവും പശ്ചിമേഷ്യയേയും അമേരിക്കയെ അനുകൂലിക്കുന്ന രാജ്യങ്ങളെയും ചുറ്റിത്തിരിഞ്ഞുള്ളതാണ്. അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് പൂർണമായി നിർത്തി. ഇറാനാകട്ടെ താരതമ്യേന കുറഞ്ഞ നിരക്കിലും പണമിടപാടില്‍ ഉള്‍പ്പെടെ ഉദാരതയും പുലർത്തിയിരുന്നു. 2012ന് ശേഷം, അമേരിക്കൻ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യയും ഇറാനും 'രൂപ-റിയാല്‍ പെയ്മെന്റ്' സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു. ഇതനുസരിച്ച്‌, ഇന്ത്യൻ എണ്ണക്കമ്പനികള്‍ ഡോളറിന് പകരം രൂപയിലാണ് പണം ഇറാനിലേയ്ക്ക് നല്‍കിയിരുന്നത്. ഇതിനുള്ള തുക യുക്കോ ബാങ്ക് പോലുള്ള ഇന്ത്യൻ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്തു. ചില കാലഘട്ടങ്ങളില്‍, ശതകോടിക്കണക്കിന് ഡോളറിന് തുല്യമായ തുക ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയില്‍ നിക്ഷേപമായി കിടന്നു. ഇന്ത്യയില്‍ നിന്ന് അരി, മരുന്നുകള്‍, ചായ, തുടങ്ങിയ സാധനങ്ങള്‍ വാങ്ങാനാണ് ഇറാൻ ആ നിക്ഷേപം ഉപയോഗിച്ചത്. ഇത്തരം നടപടികള്‍ ഡോളറിന്റെ സമ്മർദം കുറയ്ക്കുകയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് മികവുണ്ടാവുകയും ചെയ്തു. പക്ഷെ അമേരിക്കൻ അനുകൂല വിദേശനയം ഇത്തരം തന്ത്രപരമായ ക്രമീകരണം അവസാനിപ്പിച്ചു.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യ ഇന്ത്യയ്ക്ക് വലിയ വിലക്കിഴിവില്‍ എണ്ണ നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് സാധാരണ ജനങ്ങള്‍ക്കല്ല, മറിച്ച്‌ സ്വകാര്യ എണ്ണക്കമ്പനികള്‍ക്കാണ്. റോയിട്ടേഴ്സ്, ഫിനാൻഷ്യല്‍ ടൈംസ് തുടങ്ങിയ മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, 2024-25 കാലഘട്ടത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് പ്രതിദിനം 1.9 ദശലക്ഷം ബാരല്‍ എണ്ണ വാങ്ങിയിരുന്നു. റഷ്യൻ എണ്ണ ആഗോള വിലയേക്കാള്‍ ബാരലിന് എട്ട് മുതല്‍ 20 ഡോളർ വരെ കുറഞ്ഞ വിലയ്ക്കായിരുന്നു ലഭിച്ചിരുന്നത്. റിലയൻസ്, നയാര എനർജി തുടങ്ങിയ കമ്പനികള്‍ ഇതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ അധിക ലാഭമുണ്ടാക്കി. റഷ്യൻ എണ്ണയില്‍ നിന്ന് ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് ഏകദേശം 16 ബില്യണ്‍ ഡോളറിന്റെ അധിക ലാഭം ലഭിച്ചതായാണ് കണക്കുകള്‍. എണ്ണയ്ക്ക് വില കുറവായിരുന്നപ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ച്‌ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാൻ ഈ കമ്പനികള്‍ തയ്യാറായില്ല. ഉല്പാദന നികുതി വർധിപ്പിച്ച്‌ സർക്കാർ വലിയ വരുമാനം നേടുകയും കമ്പനികള്‍ റിഫൈനിങ് മാർജിനിലൂടെ റെക്കോഡ് ലാഭം കൊയ്തു. ഇപ്പോള്‍ ആഗോളതലത്തില്‍ വില കൂടുമ്പോള്‍ ഇതിന്റെ മുഴുവൻ ഭാരവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സർക്കാർ ഹോർമുസ് പ്രതിസന്ധിയെക്കുറിച്ച്‌ അടിവരയിട്ട് വിശദീകരിക്കുമ്പോഴും രാജ്യത്തിന്റെ തന്ത്രപ്രധാനമായ എണ്ണ ശേഖരം തികച്ചും പരിമിതമാണെന്ന വാസ്തവം മൂടിവയ്ക്കാൻ ശ്രമിക്കുകയാണ്.

രാജ്യത്തെ എണ്ണ ശേഖരത്തിന് ഏകദേശം 9-10 ദിവസത്തെ ആവശ്യകത മാത്രമേ നിറവേറ്റാൻ കഴിയൂ. ഇതിനു വിപരീതമായി ചൈനയാകട്ടെ മാസങ്ങളോളം പ്രവർത്തിക്കാൻ ശേഷിയുള്ള കൂറ്റൻ എണ്ണ സംഭരണ ശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ പടിഞ്ഞാറൻ ഏഷ്യയിലെ വിതരണം തടസപ്പെട്ടാല്‍ ഇന്ത്യ പെട്ടെന്ന് തന്നെ പ്രതിസന്ധിയിലായേക്കാം. ഈ ബലഹീനത ഏതെങ്കിലും ഒരു യുദ്ധത്തിന്റെ ഫലമല്ല, മറിച്ച്‌ ദീർഘകാലത്തെ നയപരമായ പരാജയത്തിന്റെ ഫലമാണ്. സാമ്പത്തിക രംഗത്തെ അവസ്ഥയും ആശങ്കാജനകമാണ്. 2014-ല്‍ ഡോളറിന് 60 രൂപയോളമായിരുന്നു വില. ഇപ്പോള്‍ അത് 95 രൂപയും കടന്നിരിക്കുന്നു. രൂപയ്ക്കെതിരെ ഡോളർ നൂറു തികയ്ക്കണമെന്ന് നിർബന്ധം ഉള്ളതുപോലെയാണ് മോഡിയുടെ പ്രവൃത്തി. രൂപയുടെ തകർച്ച ഇറക്കുമതി ചെലവേറിയതാക്കുന്നു. പണപ്പെരുപ്പം വർധിപ്പിക്കുന്നു. യഥാർത്ഥ വരുമാനം ഇടിയുമ്പോള്‍ ഭക്ഷ്യസാധനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിങ്ങനെ സമസ്തമേഖലയിലും ചെലവ് അതിവേഗം വർധിച്ചു.

ഗ്രാമീണ മേഖലകളില്‍, പല കാലഘട്ടങ്ങളിലും യഥാർത്ഥ വേതന വളർച്ച പൂജ്യമോ അല്ലെങ്കില്‍ കുറവോ ആയിരുന്നു. ഗ്രാമീണ-നഗര ഉപഭോഗം ദുർബലമായതായി നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ തന്നെ ആവർത്തിക്കുന്നു. ഇതിനർത്ഥം സാധാരണക്കാരന്റെ വാങ്ങല്‍ ശേഷി നിരന്തരം കുറയുന്നു എന്നു തന്നെയാണ്. ജിഡിപി വളർച്ചനിരക്ക് നിലനിർത്താൻ സർക്കാര്‍ മൂലധനച്ചെലവിന്റെ പങ്ക് നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം സ്വകാര്യ നിക്ഷേപവും സ്വകാര്യ ഉപഭോഗവും ദുർബലമാണ്. വിദേശ സ്ഥാപന നിക്ഷേപകരും ഇന്ത്യൻ വിപണിയില്‍ നിന്ന് അതിവേഗം പണം പിൻവലിക്കുന്നു. ഇതിന്റെ സമ്മർദം വിദേശനാണ്യ ശേഖരത്തിലും രൂപയിലും ഒരുപോലെ പ്രകടമാണ്. ചൈനയെപ്പോലെ ശക്തമായ ഒരു ഉല്പാദന സമ്പദ്‌വ്യവസ്ഥയോ ഉയർന്ന സാങ്കേതിക വിദ്യാ കേന്ദ്രമോ ആയി മാറാൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുരുതരമായ പ്രശ്നമാണിത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള വിപണിയെയും സാമ്പത്തിക നിക്ഷേപത്തെയും ആശ്രയിച്ചിരിക്കുന്നു. വിദേശ മൂലധനം ഇവിടെ വരുന്നത് ഉല്പാദനത്തിനല്ല, മറിച്ച്‌ വിപണിയില്‍ നിന്ന് ലാഭം കൊയ്യാനാണ്. ആഗോള സാഹചര്യങ്ങള്‍ മാറുമ്പോള്‍ അത്തരം മൂലധനം അതിവേഗം പുറത്തുപോകുന്നു. ഇതേ നയങ്ങള്‍ തുടർന്നാല്‍, ക്രമേണ ഇന്ത്യ വിദേശ ഉല്പന്നങ്ങളുടെ ഒരു വലിയ ഉപഭോക്തൃ വിപണിയും കുപ്പക്കൂനയുമാകും. മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള കാമ്പയ്‌നുകള്‍ കേവലം പ്രചാരണ പരിപാടിയായി അവശേഷിച്ചു. യഥാർത്ഥ ഉല്പാദനവും സാങ്കേതിക സ്വയംപര്യാപ്തതയും പ്രതീക്ഷിച്ച തലത്തിലെത്തിക്കാൻ കഴിഞ്ഞതുമില്ല.

ഉല്പാദനം, തൊഴില്‍, പൊതുജനക്ഷേമം എന്നിവയ്ക്ക് പകരം കോർപറേറ്റ് ലാഭ കേന്ദ്രീകൃതമാണ് രാജ്യത്തെ സാമ്പത്തിക മാതൃക. അംബാനി-അഡാനി മാതൃകയ്ക്ക് കീഴില്‍ ഊർജം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ മേല്‍ ചില കമ്പനികളുടെ നിയന്ത്രണം കടുത്തു. ബാഹ്യ പ്രതിസന്ധികളെ കുറ്റപ്പെടുത്തി സർക്കാർ തങ്ങളുടെ നയപരമായ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. എന്നാല്‍ യഥാർത്ഥ പ്രതിസന്ധി നിലനില്‍ക്കുന്നത് അത്തരം നയങ്ങളില്‍ തന്നെയാണ്. ഊർജ സുരക്ഷ, തന്ത്രപരമായ സംഭരണം, ആഭ്യന്തര ഉല്പാദനം, സാങ്കേതിക വികസനം, തൊഴിലധിഷ്ഠിത സാമ്പത്തിക ഘടന എന്നിവയുടെ ദിശയില്‍ അനിവാര്യമായ മാറ്റം ഉണ്ടാകണം. അല്ലെങ്കില്‍ ഓരോ ആഗോള പ്രതിസന്ധി ഘട്ടത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക സ്ഥിതിയുടെ പൂച്ച്‌ കൂടുതല്‍ കൂടുതല്‍ പുറത്തുവരികയും ചെമ്പ് തെളിയുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online