Dailyhunt
ഹോര്‍മുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ രക്ഷാസമിതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി

ഹോര്‍മുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ രക്ഷാസമിതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി

Janayugom Online 1 week ago

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച നിർണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു.

ഇറാന് മേല്‍ സമ്മർദ്ദം ചെലുത്തി ജലപാത തുറപ്പിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ പാളിയിരിക്കുകയാണ്.

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അല്‍ സയാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കൗണ്‍സിലിലെ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇറാന്റെ ശത്രുതാപരമായ നടപടികള്‍ക്കുള്ള ഗൗരവകരമായ പ്രതികരണമാണ് ഈ പ്രമേയമെന്ന് ബഹ്‌റൈൻ വാദിച്ചെങ്കിലും റഷ്യയും ചൈനയും എതിർപ്പില്‍ ഉറച്ചുനിന്നു. തന്ത്രപ്രധാനമായ ജലപാതകളെ ആയുധമാക്കുന്നത് ലോകത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബഹ്‌റൈൻ മുന്നറിയിപ്പ് നല്‍കി.

ആഴ്ചകള്‍ നീണ്ട ചർച്ചകള്‍ക്കൊടുവില്‍ പ്രമേയത്തിലെ കടുത്ത വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിരുന്നു. 'ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും ഉപയോഗിക്കാൻ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കുക' എന്ന വരികള്‍ മാറ്റി, 'പ്രതിരോധ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക' എന്ന നിലയിലേക്ക് പ്രമേയം ലഘൂകരിച്ചെങ്കിലും റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിക്കുകയായിരുന്നു.

ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് യു എൻ നടപടി പരാജയപ്പെട്ടത്. ഇറാൻ വഴങ്ങിയില്ലെങ്കില്‍ ഇന്ന് രാത്രിയോടെ ആ രാജ്യം തന്നെ ഇല്ലാതാകുമെന്നും ഒരു വലിയ സംസ്കാരം ഇന്ന് രാത്രി മരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന നിലപാടില്‍ ഇറാനും ഉറച്ചുനില്‍ക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online