Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ20 ജനതാ പാര്‍ട്ടി വരുന്നു; എഥനോള്‍ രഹിത ഇന്ധന നയത്തിനുവേണ്ടി സമരരംഗത്തേക്ക്

ഇ20 ജനതാ പാര്‍ട്ടി വരുന്നു; എഥനോള്‍ രഹിത ഇന്ധന നയത്തിനുവേണ്ടി സമരരംഗത്തേക്ക്

കോക്രോച്ച്‌ ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു കൂട്ടായ്മ. ഇ20 പെട്രോളിന് പകരം 100% ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി 'ഇ20 ജനതാ പാർട്ടി' എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് സജീവമായി.

രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന ഇ20 പെട്രോളിന് പകരം എഥനോള്‍ കലരാത്ത പെട്രോള്‍ ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സുതാര്യമായ ഇന്ധന ലേബലിങ് നടപ്പാക്കുക, മൈലേജ് സംബന്ധിച്ച്‌ കൃത്യമായ പഠനങ്ങള്‍ നടത്തുക. എന്‍ജിന്റെ പ്രകടനത്തെക്കുറിച്ചും അറ്റകുറ്റച്ചെലവ് സംബന്ധിച്ചും പഠനം നടത്തുക. ഇതിന്റെ ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ജനങ്ങള്‍ക്ക് ഇഷ്‌ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഇ20 ജനതാ പാർട്ടി മുന്നോട്ടുവയ്ക്കുന്നു.

എഥനോള്‍ കലര്‍ത്തുന്ന പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം എന്‍ജിന്റെ കാര്യക്ഷമതയില്‍ ഉപഭോക്താക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം അറ്റകുറ്റപ്പണികള്‍ക്കുണ്ടാകുന്ന ചെലവ്, ദീര്‍ഘകാല പ്രകടനം എന്നിവ സംബന്ധിച്ചും ഇവര്‍ ആശങ്കപ്പെടുന്നു. വാഹനത്തിന് അനുയോജ്യമായ ഇന്ധനം ലഭ്യമാക്കണമെന്നാണ് ആവശ്യം.
ഓരോ സംസ്ഥാനങ്ങളിലും കൂട്ടായ്‌മകള്‍ രൂപീകരിച്ച്‌ വളരെ ആസൂത്രിതമായി പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ഇവരുടെ ആലോചന. ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയുടെയും ഹര്‍ദീപ് സിങ് പുരിയുടെയും വസതിയിലേക്ക് അടക്കം ഈ മാസം 31ന് മാര്‍ച്ച്‌ നടത്താനും ആലോചനയുണ്ട്. ഇ20യ്ക്കെതിരെ ശക്തമായി രംഗത്തുള്ള രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പുനെവാലയടക്കം പുതിയ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇ20 പെട്രോള്‍ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എഥനോള്‍ കലർന്ന ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് എന്‍ജിൻ തകരാർ സംഭവിച്ചതായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എഥനോള്‍ കലർത്താത്ത പെട്രോളിലേക്ക് മടങ്ങാനുള്ള തീരുമാനം നിലവിലില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍ അടുത്തിടെ അറിയിച്ചിരുന്നു. പടിപടിയായി 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കലർത്താനുള്ള നീക്കങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online