സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ മന്ത്രിമാർക്ക് അതൃപ്തി. മന്ത്രിമാർ അറിയാതെ വിവിധ വകുപ്പുകളില്‍ ഡയറക്ടർമാരെ സ്ഥലം മാറ്റിയതിലാണ് യുഡിഎഫ് ഘടകക്ഷികള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.
ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ റവന്യു, വ്യവസായം, വനം മന്ത്രിമാരാണ് അതൃപ്തി അറിയിച്ചിട്ടുള്ളത്. കളക്ടർമാരുടെ സ്ഥലംമാറ്റം മന്ത്രിമാരെ അറിയിക്കാതെയാണ് നടത്തിയത്. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ കളക്ടര്‍ അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. നവീന്‍ ബാബുവിന്റെ മരണം വിവാദമായതോടെ, അരുണ്‍ കെ വിജയനെ സ്ഥലംമാറ്റണമെന്ന് അന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന ഈ സ്ഥലമാറ്റ തീരുമാനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അറിഞ്ഞില്ല. ഈ വിഷയത്തില്‍ കടുത്ത അതൃപ്തിയുള്ള കുഞ്ഞാലിക്കുട്ടി മൗനം പാലിച്ചിരിക്കുകയാണ്.
കളക്ടര്‍മാരുടെ മാറ്റം അറിഞ്ഞില്ലെന്ന് റവന്യുമന്ത്രിയും പറഞ്ഞു. പ്രതികരണത്തിനില്ലെന്നും ഇപ്പോള്‍ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആറ് ജില്ലാ കളക്ടര്‍മാരെ ഉള്‍പ്പെടെ സ്ഥലംമാറ്റുകയായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ കളക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. കെ ഇമ്പശേഖർ വാട്ടർ അതോറിട്ടി എംഡിയായും ഗതാഗത സ്പെഷല്‍ സെക്രട്ടറിയായിരുന്ന പി ബി നൂഹിനെ ജിഎസ്‌ടി കമ്മിഷണറായും നിയമിച്ചു. പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനകാര്യ സെക്രട്ടറിയായും നിയമിച്ചു.
സെക്രട്ടറിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തിനുശേഷമേ പ്രതികരിക്കാൻ സാധിക്കൂ എന്ന് തദ്ദേശ മന്ത്രി കെ എം ഷാജിയും പ്രതികരിച്ചു. അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വ്യക്തത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനം മന്ത്രി ഷിബു ബേബി ജോണും ഈ വിഷയത്തില്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, സെക്രട്ടറിമാരുടെ മാറ്റത്തില്‍ പരാതി ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. തന്റെ വകുപ്പില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാർ എതിർപ്പുമായി രംഗത്തു വന്ന പശ്ചാത്തലത്തില്‍ സ്ഥലംമാറ്റത്തില്‍ ഭേദഗതിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.

