Dailyhunt
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി

Janayugom Online 3 weeks ago

രാജ്യത്തുടനീളം ബിജെപിക്ക് വളരാന്‍ വളമിട്ട് കൊടുത്തതും നേതാക്കളെ സംഭാവന നല്‍കിയതും കോണ്‍ഗ്രസ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്നത് ദേശീയ തലം മുതല്‍ പ്രാദേശികം വരെ തെളി‍‍ഞ്ഞ വസ്തുത.

മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചാടിയത്. 2014നും 2022നും ഇടയില്‍ ബിജെപിയില്‍ എത്തിയ എംപിമാരുടെയും എംഎല്‍എമാരുടെയും എണ്ണം 173. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വോട്ടിടുന്നതും ബിജെപിയ്ക്ക് ഇടുന്നതും തുല്യമാണെന്ന രീതിയിലേക്ക് മാറി.
2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത് ബിശ്വ ശര്‍മ്മ ഇന്ന് അസം മുഖ്യമന്ത്രിയാണ്. 2016ല്‍ ബിജെപിയിലെത്തിയ മണിക് സാഹ ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷനാകുകയും, ഇന്ന് ത്രിപുരയുടെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയുമാണ്. 2017ല്‍ മണിപ്പൂര്‍ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ബിജെപിയില്‍ ചേക്കേറിയ കോണ്‍ഗ്രസ് നേതാവാണ് എൻ ബിരേൻ സിങ്. 15 വർഷത്തിന് ശേഷം എൻ ബിരേൻ സിങ് അവിടെ മുഖ്യമന്ത്രിയായി. ബിജെപി സഖ്യകക്ഷിയായ എൻഡിപിപി ഭരിക്കുന്ന നാഗാലാൻഡ്‌ മുഖ്യമന്ത്രി നെയ്ഫിയു റിയോയും മുൻ കോണ്‍ഗ്രസ്‌ നേതാവാണ്. കോണ്‍ഗ്രസ് ബിജെപിയ്ക്ക് ദേശീയ തലത്തില്‍ സംഭാവന നല്‍കിയ പ്രധാന നേതാക്കള്‍ ചുവടെ
1.അശോക്‌ ചൗഹാൻ - മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി. 2.കിരണ്‍കുമാർ റെഡ്ഡി- അവിഭക്ത ആന്ധ്രയുടെ അവസാനത്തെ മുഖ്യമന്ത്രി. 3.ദിഗംബർ കാമത്ത് - രണ്ടുതവണ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേർന്നയാളാണ്‌ 2007 മുതല്‍ 2012 വരെ ഗോവ മുഖ്യമന്ത്രി. 4. രവി നായിക് - രണ്ടുതവണ ഗോവ മുഖ്യമന്ത്രി. രണ്ടുമക്കളും ബിജെപിയിലെത്തി. 5. വിജയ് ബഹുഗുണ- ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ എട്ട് കോണ്‍ഗ്രസ്‌ എംഎല്‍എമാർക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നു. 6.എൻ ഡി തിവാരി - മുൻ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി നാരായണ്‍ദത്ത് തിവാരി 2017 ജനുവരിയിലാണ് മകൻ രോഹിത്ത് ശേഖറിനോപ്പം ബിജെപിയില്‍ ചേര്‍ന്നത്. 7. അമരീന്ദർ സിങ്‌- പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി. പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാർടി രൂപീകരിച്ചു. പിന്നീട്‌ ബിജെപിയില്‍ ലയിച്ചു. 8. എസ്‌ എം കൃഷ്ണ - കർണാടക മുഖ്യമന്ത്രിയും കേന്ദ്ര വിദേശമന്ത്രിയായിരുന്നൂ. കോണ്‍ഗ്രസ്‌ പ്രവർത്തകസമിതി അംഗമായിരിക്കെ ബിജെപിയിലേക്കെത്തി. 9.പേമ ഖണ്ഡു - അരുണാചല്‍പ്രദേശ്‌ നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന 44 എംഎല്‍എമാരില്‍ 43പേരും 2016ല്‍ പാർടി വിട്ടതോടെ്‌ ഭരണം നഷ്ടമായി. നിലവില്‍ ബിജെപി മുഖ്യമന്ത്രിയാണ്‌ പേമ.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല
കോണ്‍ഗ്രസിന്റെ ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. മുൻ മുഖ്യമന്ത്രിയും, പ്രതിരോധ മന്ത്രിയും, വര്‍ക്കിങ് കമ്മിറ്റി അംഗവുമായിരുന്ന എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണിയും ബിജെപിയിലെത്തി.
2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദാനം ചെയ്ത എൻഡിഎ സ്ഥാനാര്‍ത്ഥികള്‍:
1 പദ്മജ വേണുഗോപാല്‍-തൃശൂർ, 2 മേജർ രവി- ഒറ്റപ്പാലം, 3 അഖില്‍ മാരാർ- തൃക്കാക്കര, 4 ബി ഗോപകുമാർ-ചാത്തന്നൂർ, 5 പ്രണേഷ് രാജേന്ദ്രൻ-ചിറ്റൂർ, 6 വത്സല പ്രസന്നകുമാർ-പറവൂർ, 7 എം ജെ ജോബ് -അമ്പലപ്പുഴ, 8 പന്തളം പ്രതാപൻ- അടൂർ, 9 ആർ എസ്‌ അരുണ്‍രാജ്- ചടയമംഗലം, 10 സി രഘുനാഥ്-കണ്ണൂർ, 11 ബി എസ് അനൂപ് - ചിറയിൻകീഴ്, 12 ബാബു ദിവാകരൻ- കുന്നത്തുനാട്, 13 വർഗീസ് ജോർജ്- കൊടുങ്ങല്ലൂർ, 14. ആർ രശ്മി- കൊട്ടാരക്കര

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ
കോണ്‍ഗ്രസ് -ബിജെപി ഡീല്‍
രാജ്യസഭ തെരഞ്ഞെടുപ്പ് നടന്ന ബfഹാര്‍, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി ഡീല്‍ പുറത്തു വന്നു. ബിഹാറില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടു നിന്നു. ഒഡിഡീഷയില്‍ ക്രോസ് വോട്ടിങിലുടെ ബിജെപിയുടെ രക്ഷയ്ക്കെത്തി. ഹരിയാനയിലും വ്യത്യസ്തമല്ല സാഹചര്യം. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപിയെ സഹായിക്കാനുള്ള അടവെടുത്തു.
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങള്‍ രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നു. 24 അംഗങ്ങള്‍ ഉള്ള മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്ത് സീറ്റ്. കോണ്‍ഗ്രസിനു എട്ടും, ബിജെപിക്ക് നാലും, രണ്ട് സ്വതന്ത്രരും. കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയായ പരിണമിക്കുകയായിരുന്നു.
അധികാര മോഹങ്ങള്‍ക്ക് വേണ്ടി ആശയം പണയം വയ്ക്കാൻ കോണ്‍ഗ്രസിനു ഒരു മടിയും ഇല്ലാ എന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് എങ്ങനെ വളമാകാം എന്ന ഗവേഷണത്തിലാണ് കോണ്‍ഗ്രസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online