ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ 16 പേർ കൊല്ലപ്പെട്ടു. ദീർഘദൂര യാത്രക്കാരുമായി പോയ ബസ്സും ഇന്ധന ടാങ്കറും തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചാണ് ദുരന്തമുണ്ടായത്.
ബുധനാഴ്ച ഉച്ചയോടെ ദക്ഷിണ സുമാത്രയിലെ നോർത്ത് മുസി റവാസ് പ്രവിശ്യയിലായിരുന്നു അപകടം. ലുബുക്ലിംഗാവുവില്‍ നിന്ന് മേദനിലേക്ക് പുറപ്പെട്ട എഎല്‍എസ് (ALS) കമ്പനിയുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കിടെ ബസ്സിന്റെ ടയർ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട വാഹനം എതിർദിശയില്‍ വന്ന ഇന്ധന ടാങ്കറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.
കൂട്ടിയിടിച്ച ഉടൻ തന്നെ ടാങ്കറിലുണ്ടായിരുന്ന ഡീസലിന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കകം ഇരു വാഹനങ്ങളും പൂർണ്ണമായും കത്തുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന 14 യാത്രക്കാരും ടാങ്കർ ലോറിയിലെ രണ്ടുപേർക്കുമാണ് ഇതുവരെ ജീവൻ നഷ്ടമായത്. അതേസമയം, വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം, റോഡുകളുടെ മോശം അവസ്ഥയും വാഹനങ്ങളുടെ കാലപ്പഴക്കവും ഇന്തോനേഷ്യയില്‍ വാഹനാപകടങ്ങള്‍ വർധിക്കാൻ കാരണമാകുന്നതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ മാസവും രാജ്യത്തുണ്ടായ ട്രെയിൻ അപകടത്തില്‍ 16 പേർ കൊല്ലപ്പെട്ടിരുന്നു.

