ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുന്നത്.
സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. അടുത്തിടെ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുന്നത്.
നാല് പേസ് ബൗളർമാരുമായാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. പരിചയസമ്പന്നരായ രേണുക താക്കൂർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ് എന്നിവർക്കൊപ്പം പുതുമുഖ താരം നന്ദിനി ശർമ്മയും ടീമില്‍ ഇടംപിടിച്ചു. നന്ദിനി ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പരിക്കേറ്റതിനെ തുടർന്ന് കാശ്‌വി ഗൗതം, അമൻജോത് കൗർ എന്നിവരെ ഇത്തവണ സെലക്ഷനായി പരിഗണിച്ചില്ല.
വുമണ്‍സ് പ്രീമിയർ ലീഗിലെ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങള്‍ക്ക് ടീമില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ അമൻജോത് കൗറിന് പകരമായി മധ്യനിര ബാറ്റർ ഭാരതി ഫുല്‍മാലി ടീമിലെത്തി. 2026ലെ ഡബ്ല്യുപിഎല്ലിലെ മികച്ച ബാറ്റിങ് പ്രകടനമാണ് ഭാരതിക്ക് തുണയായത്. ഡബ്ല്യുപിഎല്ലില്‍ 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് നന്ദിനി ശർമ്മയെ ടീമിലേക്ക് പരിഗണിക്കാന്‍ കാരണം. പ്രമുഖ ഓള്‍റൗണ്ടർമാരായ സ്നേഹ് റാണ, ഹർലീൻ ഡിയോള്‍ എന്നിവർക്ക് ഇത്തവണ ടീമില്‍ ഇടം ലഭിച്ചില്ല. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ സ്പിൻ ബൗളിങ്ങിന് നേതൃത്വം നല്‍കുന്നത് ശ്രീ ചരണി, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ് എന്നിവരായിരിക്കും. ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യൻ വനിതാ ടീം ഇത്തവണയും കിരീടം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇന്ത്യൻ ടീം:
ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുല്‍മാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ശ്രീ ചരണി, യസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ്.

