Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യൻ വംശജന്റെ കുത്തേറ്റ് ബ്രിട്ടീഷുകാരൻ കൊല്ലപ്പെട്ട സംഭവം;  പൊലീസിന്റെ അനാസ്ഥ, പ്രതിഷേധം ശക്തം

ഇന്ത്യൻ വംശജന്റെ കുത്തേറ്റ് ബ്രിട്ടീഷുകാരൻ കൊല്ലപ്പെട്ട സംഭവം; പൊലീസിന്റെ അനാസ്ഥ, പ്രതിഷേധം ശക്തം

Janayugom Online 4 months ago

ബ്രിട്ടനിലെ സതാംപ്ടണില്‍ ഇന്ത്യക്കാരന്റെ കുത്തേറ്റ് പതിനെട്ടുകാരൻ കൊലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം. കുത്തേറ്റു ചോരയൊലിപ്പിച്ചു കിടന്ന ഹെൻറി നൊവാകിനെ രക്ഷിക്കുന്നതിന് പകരം പൊലീസ് കൈവിലങ്ങ് അണിയിച്ചതിനെ തുടർന്നാണ് വിവാദം.

കേസില്‍ പ്രതിയായ ഇന്ത്യൻ വംശജൻ വിക്രം ദിഗ്വയ്ക്ക് (23) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പൊലീസ് ബോഡിക്യാമില്‍ നിന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് യുകെയില്‍ പ്രതിഷേധം ആളിക്കത്തിയത്.

സതാംപ്ടണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുക്കണക്കിന് ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. പലയിടത്തും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ പൊലീസുക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തുകയും വംശീയ ആരോപണങ്ങള്‍ പൊലീസിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.

ഡിസംബറില്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ ഹെൻറിയെ വിക്രം ദിഗ്വ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തുകയും താൻ വംശീയ ആക്രമണത്തിന് ഇരയായതാണെന്ന് വിക്രം ദിഗ്വ കള്ളം പറയുകയുമായിരുന്നു. ഹെൻറി തന്റെ തലപ്പാവ് തട്ടിമാറ്റിയെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമാണ് ഇയാള്‍ പറ‍ഞ്ഞത്. ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥർ വിക്രമിന്റെ വാക്ക് വിശ്വസിക്കുകയും യഥാർത്ഥ ഇരയായ ഹെൻറിയെ പ്രതിയായി കാണുകയുമായിരുന്നു.

കത്തേറ്റ് ചോര വാര്‍ന്ന ഹെൻറി 'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല', 'എനിക്ക് കുത്തേറ്റു' എന്ന് നിലവിളിച്ചെങ്കിലും പൊലീസ് അത് ഗൗനിച്ചില്ല. "നിനക്ക് കുത്തേറ്റതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല, സുഹൃത്തേ" എന്ന് പരിഹസിക്കുകയും കൈവിലങ്ങ് അണിയിക്കുകയുമായിരുന്നു. പിന്നീട് ഹെൻറി ബോധരഹിതനായി വീണപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ വിലങ്ങഴിച്ചു മാറ്റി കൃത്രിമ ശ്വാസം നല്‍കിയെങ്കിലും ഹെൻറി മരിക്കുകയായിരുന്നു.

അതേസമയം കോടതിയില്‍ വിക്രം ദിഗ്വ ഉന്നയിച്ച വംശീയ ആരോപണങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതി പ്രതിക്കെതിരെ 21 വർഷം കുറഞ്ഞത് തടവുശിക്ഷയോടെയുള്ള ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിക്കാൻ സഹായിച്ച വിക്രമിന്റെ അമ്മ കിരണ്‍ കൗറും (53) കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ ജൂലൈ 17-ന് പ്രഖ്യാപിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online