അമേരിക്കയുമായുള്ള ഏറ്റുമുട്ടലില്‍ ഇറാന്റെ നയങ്ങളെ ബുദ്ധിപരമായ പ്രതിരോധം എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപിടിയുമായി മുന്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ.ഈജിപ്ഷ്യന്‍ അവതാരര ലമീസ് അല്‍ ഹാദിദിയുടെ പോഡ് കാസ്റ്റിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയും,ഇസ്രയേലും ഉള്‍പ്പെടുന്ന വന്‍ശക്തികളുടെ കടുത്ത സമ്മര്‍ദങ്ങളെയും ഉപരോധങ്ങളെയും ഇറാന്‍ നേരിടുന്ന തന്ത്രപരമായ രീതിയെയാണ് താന്‍ ബുദ്ധിപരമായ പ്രതിരോധം എന്ന് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാശ്ചാത്യ സമ്മര്‍ദങ്ങള്‍ക്ക് മുന്നിലുള്ള ഇറാന്റെ ഈ പ്രതിരോധത്തെ ഒരു ജിയോപൊളിറ്റിക്കല്‍ വിശകലനം എന്ന നിലയ്ക്കാണ് താന്‍ വിലയിരുത്തിയത്. ഇത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെയോ പ്രാദേശിക കടന്നുകയറ്റങ്ങളെയോ പിന്തുണയ്ക്കാനല്ലെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ പ്രസ്താവനയ്‌ക്കെതിരെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അബ്ദുറഹ്‌മാന്‍ അല്‍-റാഷിദ് തുടങ്ങിയവരില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മാന്യവും ബഹുമാനപൂര്‍ണവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ ചില വ്യക്തിപരമായ കമന്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, എല്ലാ ഗള്‍ഫ് രാജ്യങ്ങളും തനിക്കെതിരെ രംഗത്തുവന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും അംറ് മൂസ വ്യക്തമാക്കി. ഇത്തരം വിയോജിപ്പുകള്‍ ആരോഗ്യകരമായ ഒരു നയതന്ത്ര സംവാദത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിലയിരുത്തി.തന്റെ പ്രസ്താവന ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയോടുള്ള വിട്ടുവീഴ്ചയായി കാണേണ്ടതില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.ഏതെങ്കിലും ഒരു അറബ് ഗള്‍ഫ് രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാ അറബ് രാജ്യങ്ങള്‍ക്കും നേരെയുള്ള കൂട്ടായ ആക്രമണമാണെന്ന നിലപാട് അദ്ദേഹം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു.തന്റെ ഈ ഉറച്ച നിലപാടില്‍ മാറ്റമില്ലെന്നും ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരത്തോട് തനിക്ക് പൂര്‍ണമായ കൂറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

