ചര്‍ച്ചകള്‍ സമാധാന കരാറില്‍ കലാശിച്ചില്ലെങ്കില്‍ ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗൗരവമായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
അവസാന വട്ട അനുരജ്ഞന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ സെെനിക മേധാവി ജനറല്‍ അസിം മുനീര്‍ ഇറാനിലെത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ഇറാനെതിരെ അവസാന നിര്‍ണായക സെെനിക നീക്കം നടത്തി വിജയം പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.
വെെറ്റ് ഹൗസില്‍ ട്രംപ് അടിയന്തര ദേശീയ സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തു. വെെസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റക്ലിഫ് എന്നിവരടങ്ങിയ ഉന്നത സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ പ്രയോഗിക്കേണ്ട ബദല്‍ സെെനിക പദ്ധതികള്‍ യോഗം വിലയിരുത്തി.
ചൊവ്വാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചപ്പോള്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒരവസരം കൂടി നല്‍കാം എന്ന് പറഞ്ഞ ട്രംപ്, വ്യഴാഴ്ച രാത്രിയോട് കൂടി നിലപാട് മാറ്റുകയും പുതിയ ആക്രമണം അഴിച്ചുവിടാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ വിവാഹ ചടങ്ങുകളില്‍ നിന്നും ന്യൂജേഴ്‌സിയിലെ വീക്കെൻഡ് ഗോള്‍ഫ് ക്ലബ്ബ് സന്ദർശനത്തില്‍ നിന്നും ട്രംപ് അവസാന നിമിഷം പിന്മാറി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ കാരണം വെെറ്റ് ഹൗസില്‍ തന്നെ തുടരുകയാണെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചത്. എന്നാല്‍ നിര്‍ണായക യോഗം ചേരുന്നതിനും ഉടനടി തീരുമാനത്തിലെത്തുന്നതിനും വേണ്ടിയാണ് ട്രംപ് ചടങ്ങുകളില്‍ നിന്ന് മാറിനിന്നതെന്ന് വിലയിരുത്തുന്നു.
യുഎസ് ആക്രമണം തടയാന്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ വലിയ തോതില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ക്കായി അസിം മുനീര്‍ ടെഹ്റാനിലെത്തിയ സാഹചര്യത്തില്‍ യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങള്‍ അനിശ്ചിതത്വം വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്‍ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഖിർ ഖാലിബാഫ് താക്കീത് നല്‍കി.
വെടിനിർത്തല്‍ കാലയളവില്‍ സായുധ സേന കൂടുതല്‍ ശക്തമായി പുനഃസംഘടിക്കപ്പെട്ടിട്ടുണ്ടെന്നും യുഎസിന്റെ ഏതൊരു നീക്കത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി. ചർച്ചകളില്‍ ഇറാൻ വലിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് മിന്നലാക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

